Skip to main content

വയറിളക്കരോഗങ്ങള്‍: നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

 

കാക്കനാട്: വയറിളക്കരോഗങ്ങള്‍ മൂലമുള്ള ശിശുമരണങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയില്‍ ഡയറിയ നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ റീപ്രൊഡക്റ്റീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഷീജ പറഞ്ഞു.    ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഡോ ഷീജ ഇതറിയിച്ചത്. 

 രാജ്യത്തെ ശിശുമരണങ്ങളില്‍ 10 ശതമാനവും വയറിളക്കരോഗങ്ങള്‍ മൂലമാണ്.  ഒ.ആര്‍.എസ്സും സിങ്ക് ഗുളികയും നല്‍കി നിര്‍ജ്ജലീകരണം തടയുകവഴി വയറിളക്കരോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.  കഴിഞ്ഞ വര്‍ഷം വയറിളക്കരോഗങ്ങള്‍ മൂലം ജില്ലയില്‍ ശിശുമരണം ഉണ്ടായിട്ടില്ല.  പ്രതിരോധ- ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറി ഒ.ആര്‍.എസ്.ലായനിയുടെ ഉപയോഗരീതി വിശദീകരിക്കും.  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരും അവരുടെ നിര്‍ദ്ദിഷ്ട മേഖലയിലുള്ളവരെ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ അമ്മമാരുടെ യോഗം വിളിച്ച് സന്ദേശം കൈമാറണം.  വയറിളക്കം പിടിപെട്ടാല്‍ മുലയൂട്ടല്‍ നിര്‍ത്തരുതെന്നും ആഹാരം സാധാരണത്തേതുപോലെ കൊടുക്കണമെന്നും നിര്‍ദ്ദേശിക്കും.  കോളനി പ്രദേശങ്ങളിലും ചേരികളിലും തൊഴിലാളി ക്യാമ്പുകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  സ്‌കൂളുകളുടെ പരിസരപ്രദേശങ്ങളും ശുചിമുറികളും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചു.  എല്ലാ ആശുപത്രികളിലും സിങ്ക് ഗുളികകളുടെ ലഭ്യതയും ഉറപ്പുവരുത്തും.  ഡെപ്യൂട്ടി കലക്ര്‍ ഷീലാദേവി, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീദേവി, ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.പി.മുരളി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.ശൈലകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ.സന്തോഷ് ആരോഗ്യകേരളം ടെക്‌നിക്കല്‍ അസി. കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date