Skip to main content

പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം  സമാപനം മേയ് 30ന് നിശാഗന്ധിയില്‍

 

* ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

* ചടങ്ങിന് ശേഷം 'മണ്ണും വിണ്ണും' മെഗാ സ്‌റ്റേജ് ഷോ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം മേയ് 30ന് വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. 

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സാംസ്‌കാരിക, പിന്നാക്കക്ഷേമ, നിയമ മന്ത്രി എ.കെ. ബാലന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.  സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിക്കും.

  മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ ടീച്ചര്‍, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, ജി. സുധാകരന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, കെ. രാജു, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, ബി. സത്യന്‍, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, കെ.എസ്. ശബരീനാഥന്‍, വി. ജോയി, വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ് എന്നിവര്‍ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി  കൃതജ്ഞത രേഖപ്പെടുത്തും.  

ചടങ്ങിന്റെ ആരംഭമായി സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ചലച്ചിത്രസംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്ത വീഡിയോ ചിത്രം പ്രദര്‍ശിപ്പിക്കും. പൊതുസമ്മേളനത്തെത്തുടര്‍ന്ന്, സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ 425 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന 'മണ്ണും വിണ്ണും' എന്ന കലാപരിപാടി അവതരിപ്പിക്കും. 

ഗോത്രപാരമ്പര്യമുയര്‍ത്തികാട്ടുന്ന നാടന്‍ കലാരൂപങ്ങളും അനുഷ്ഠാന കലകളുമായാണ് കലാകാരന്‍മാര്‍ ഈ മെഗാ സ്‌റ്റേജ് ഷോയില്‍ പങ്കാളികളാകുന്നത്. വനംവകുപ്പ്, ഫോക്‌ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി തുടങ്ങി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ 425 ഓളം കലാകാരന്‍മാരാണ് പരിപാടിയില്‍ അണിനിരക്കുന്നത്.

വാര്‍ഷികാഘോഷങ്ങള്‍ മേയ് 18ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലകളില്‍ ഏഴുദിവസം നീണ്ട വിപുലമായ പ്രദര്‍ശന വിപണോത്‌സവങ്ങളാണ് സംഘടിപ്പിച്ചത്. 

100 ലേറെ വകുപ്പുകളെ പങ്കെടുപ്പിച്ച് ഇത്ര വിപുലമായ മേള ആദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സംഘടിപ്പിക്കുന്നത്. ഓരോ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്ന് ഓരോ വകുപ്പിലൂടെയും ലഭ്യമാകുന്ന സേവനങ്ങളുമായി ജനകീയമായ സ്റ്റാളുകളാണ് ഒരുക്കിയത്. 

വിപണനമേളകളും വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. ഇതിനുപുറമേ, കുടുംബശ്രീയുടെ വിപണന സ്റ്റാളുകളും ഭക്ഷ്യമേളയും ശ്രദ്ധ പിടിച്ചുപറ്റി. പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഓരോ ദിവസവും ജില്ലകളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധ പാനല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചു. കൂടാതെ, എല്ലാദിവസവും വൈകുന്നേരം വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

തിരുവനന്തപുരം ജില്ലയിലെ പ്രദര്‍ശന വിപണനോത്‌സവമായ 'അനന്തവിസ്മയം' ആണ് ഇപ്പോള്‍ നടന്നുവരുന്ന മേള. പാലക്കാട് മേള ചൊവ്വാഴ്ച സമാപിക്കും. മറ്റു ജില്ലകളിലെ മേളകള്‍ ഇതിനകം അവസാനിച്ചിരുന്നു. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തിയിലെ മേളയിലും 100ലധികം വകുപ്പുകള്‍ അണിനിരന്ന വൈവിധ്യമാര്‍ന്ന 150 ഓളം സ്റ്റാളുകളാണ് ആകര്‍ഷണം. 

അനന്തവിസ്മയത്തോടനുബന്ധിച്ചുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ തന്നെ മറ്റ് ഷോറൂമുകളില്‍ നല്‍കുന്ന വിലക്കുറവിനേക്കാള്‍ കുറഞ്ഞ വിലയാണ്. സ്‌കൂള്‍ ബാഗുകള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. മാത്രമല്ല ആയിരം രൂപയ്ക്ക് മുകളില്‍ സാധനം വാങ്ങുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരാള്‍ക്ക് ഒരു സ്‌കൂള്‍ കിറ്റ് സമ്മാനവും നല്‍കും. 

കനകക്കുന്ന് കൊട്ടാരത്തിലൊരുക്കിയിരിക്കുന്ന പോലീസിന്റെ സ്റ്റാളില്‍ പോലീസ് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ നേരിട്ട് കണ്ടറിയാം. പഴയതും പുതിയതുമായ പോലീസ് വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ പ്രവര്‍ത്തനരീതികളും ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍ക്ക് വിവരിക്കുന്നുണ്ട്. പോലീസ് ചരിത്രവുമായി ഫോട്ടോ പ്രദര്‍ശനം, ട്രാഫിക് ബോധവത്കരണം, സ്ത്രീകള്‍ക്ക് സ്വയ സുരക്ഷയ്ക്കുള്ള തത്‌സമയ പരിശീലനം, പോലീസ് നായകള്‍ കുറ്റവാളികളെയും സ്‌ഫോടകവസ്തുക്കളെയും കണ്ടെത്തുന്ന തത്‌സമയ പ്രദര്‍ശനം എന്നിവയുമുണ്ട്.ജയില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റാളില്‍ ജയിലുകളില്‍ വിളയിക്കുന്ന ജൈവ പച്ചക്കറി, തടവുപുള്ളികള്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ തുടങ്ങിയ വാങ്ങാന്‍ മികച്ച തിരക്കാണ്.

ഗോത്ര വംശീയ വൈദ്യന്‍മാരുടെ 64 പച്ചമരുന്നുകള്‍ ചേര്‍ത്ത ആവിക്കുളി, ഐ.ടി.ഡി.പി സ്റ്റാളിലെ തത്‌സമയ ചക്ക വിഭവങ്ങള്‍, 17 പച്ചമരുന്നുകള്‍ ചേര്‍ത്ത ഔഷധക്കാപ്പി, കുടുംബശ്രീ സ്റ്റാളുകളില്‍ മലബാര്‍ നാടന്‍ വിഭവങ്ങള്‍, പ്രത്യേക നോമ്പുതുറ വിഭവങ്ങള്‍, മലബാര്‍ മേഖലയിലെ കോഴി വിഭവങ്ങളായ പുയ്യാപ്ള കോഴി, നിറച്ച കോഴി, സ്വര്‍ഗക്കോഴി, കരിംജീരക്കോഴി, കോഴി പൊള്ളിച്ചത് തുടങ്ങിയവ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമാണ്. ആയുര്‍വേദം, അലോപ്പതി, ഹോമിയോ തുടങ്ങി വിവിധ ആരോഗ്യ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍ക്കും വന്‍ ജനാവലിയാണ്. ഐ.ടി മിഷന്റെ ആധാര്‍ എന്റോള്‍മെന്റിനുള്ള സൗകര്യവും മേളയിലുണ്ട്. 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, കുടുംബശ്രീ, ടൂറിസം, സഹകരണം, ജി.എസ്.ടി, എക്സൈസ്, പൊതുവിതരണം, ആരോഗ്യം, ബാംബൂ മിഷന്‍, മൃഗസംരക്ഷണം, ലോട്ടറി, തൊഴില്‍, വനം, കൃഷി, വ്യവസായം, സര്‍വേ-ഭൂരേഖ, ലീഗല്‍ മെട്രോളജി, ഫിഷറീസ്, ഹാര്‍ബര്‍, പട്ടികവര്‍ഗം, പുരാവസ്തു-മ്യൂസിയം, പൊതുമരാമത്ത്, ന്യൂനപക്ഷക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പുകള്‍, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, തീരദേശ വികസന കോര്‍പറേഷന്‍, മില്‍മ, അനെര്‍ട്ട്, കെ.എസ്.ഇ.ബി, കയര്‍ കോര്‍പറേഷന്‍ തുടങ്ങിയവ മേളയുടെ ഭാഗമായി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മേള 30നാണ് സമാപിക്കുന്നത്.

പി.എന്‍.എക്‌സ്.2037/18

 

 

 

date