Skip to main content

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നു.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. 22.6 കോടി രൂപ ചെലവില്‍ സാമൂഹിക നീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി 8.8 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കൈപിടിയുള്ള റാമ്പുകള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറി, കാപ്സ്യൂള്‍ ലിഫ്റ്റ്, സൂചനാ ബോര്‍ഡുകള്‍ എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സിവില്‍ സ്റ്റേഷനിലേക്കായി 2.7 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
റവന്യൂ ഓഫീസുകളിലെ റാമ്പ് നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കകം ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. റവന്യൂ ഓഫീസുകളിലെ നിര്‍മാണം പൂര്‍ത്തിയായാല്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ കെട്ടിടങ്ങളിലും റാമ്പ് സൗകര്യം ഒരുക്കും. ഒന്നില്‍ കൂടുതല്‍ നിലകളുള്ള ഓഫീസുകളില്‍ കാപ്സ്യൂള്‍ ലിഫ്റ്റും നിര്‍മിക്കും. എല്ലാ കെട്ടിടങ്ങളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഇതോടൊപ്പം നിര്‍മിക്കും.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി ഭിന്നശേഷി സൗഹൃദമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാകുന്നതോടെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാകുന്ന രണ്ടാമത്തെ ജില്ലയാവും മലപ്പുറം. ജില്ലാ നിര്‍മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല.

 

date