Skip to main content

ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കണം: ജില്ലാ കളക്ടര്‍ 

 

ജില്ലയില്‍ ബസ്  ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി             അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, പിഡബ്ല്യൂഡി റോഡ്‌സ് എന്നിവരുമായി ആലോചിച്ചും സൗകര്യമായ സ്ഥലത്തു വേണം ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാനെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം നഗരമദ്ധ്യത്തില്‍ നിര്‍മ്മിക്കുന്ന വാക്‌വേയുടെ തൂണുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.  ഈ സ്ഥലം സംരക്ഷിതമേഖലയാക്കണമെന്നും അതിനു വേണ്ട നിയമപരമായ നടപടികള്‍ മുനിസിപ്പാലിറ്റി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പനച്ചിക്കാട് പട്ടികജാതി കോളനിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കണം. പല പ്രവൃത്തികള്‍ക്കും പണം അനുവദിച്ചിട്ടുണ്ടെങ്കിലും സമയത്തിന് ടെണ്ടര്‍ ജോലികള്‍ നടക്കുന്നില്ലന്നും അതിന് ഉടനെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രീ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ ചേരും. 

കെഎസ്റ്റിപി റോഡിന്റെ പണി പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂരില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓട നിര്‍മ്മിക്കണമെന്നും സുരേഷ് കുറുപ്പ് എം.എല്‍.എ               ആവശ്യപ്പെട്ടു. 

മാതാ ഹോസ്പിറ്റല്‍ മുതല്‍ കാരിത്താസ് വരെ അപകട പരമ്പര ഉണ്ടാകുന്നതിന്റെ കാരണം സംബന്ധിച്ച്  ശാസ്ത്രീയ പഠനം നടത്തണം. റോഡ് വക്കില്‍ തട്ടുകടകളുടെ പെരുക്കം നിയന്ത്രിക്കണം. കെ.എസ്.ടി.പി അദലാത്ത് നടത്തണമെന്നും കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നവര്‍ക്കു നഷ്ടപരിഹാരം താമസം കൂടാതെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പൊന്‍കുന്നത്തും പരിസരങ്ങളിലും നടപ്പാത കൈയ്യേറി അനധികൃത പാര്‍ക്കിഗ്, തട്ടുകട എന്നിവ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് പ്രൊഫ. ജയരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. കൂടംകുളം ലൈനുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വൈകാതെ നല്‍കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഇലക്ട്രിസിറ്റി സെക്ഷന്‍ മാറ്റല്‍ തികഞ്ഞ പരാജയമാണെന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് ഇതുമൂലം ഉണ്ടായത്തെന്നും അതിനാല്‍ ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ജയരാജ് എം.എല്‍.എ അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കു ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിക്കുന്നില്ല ഇതിനു പരിഹാരം കാണണമെന്നും  എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍  യോഗത്തില്‍ പങ്കെടുത്തു.   

                                           (കെ.ഐ.ഒ.പി.ആര്‍-1066/18)

date