സ്കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു
2018-19 ലെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പ്രവേശനോത്സവഗാനം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് സി.ഡി നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഡി.പി.ഐ. ഡോ. മോഹന്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍കുമാര്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, അഡീഷണല്‍ പി.എ. സോമശേഖരന്‍ നായര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ ശിവരാജന്, സുരേഷ്കുമാര്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ ഉന്നതോദ്യോഗസ്ഥരും, കവി മുരുകന് കാട്ടാക്കട, സംഗീത സംവിധായകന് വിജയ് കരുണ്‍ എന്നിവരും സംബന്ധിച്ചു. ഇക്കൊല്ലത്തെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കവി മുരുകന് കാട്ടാക്കടയും സംഗീതം നല്‍കിയിരിക്കുന്നത് വിജയ് കരുണുമാണ്. ഗാനമാലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. സ്കൂള്‍ പ്രവേശനോത്സവദിനമായ ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും എയ്ഡഡ് സ്കൂളുകളിലും പ്രവേശനോത്സവഗാനത്തോടെയാണ് വിദ്യാലയ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിക്കുക.
പി.എന്‍.എക്സ്.2046/18
- Log in to post comments