Skip to main content

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചത്: ധനകാര്യ കമ്മീഷന്‍

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സംഘടനാ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു എന്‍.കെ. സിംഗിന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍. ഇവിടത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധവും കേരളത്തില്‍ ഊഷ്മളമാണ്. ഇതും നല്ല മാതൃകയാണെന്ന് കമ്മീഷന്‍ പറഞ്ഞു.
    കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളെക്കുറിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിശദീകരിച്ചു. സംസ്ഥാനത്തിന്റെ അഞ്ചാമത് ധന കമ്മീഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ. സിംഗ് പറഞ്ഞു. മേയേഴ്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേയര്‍ വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേംബറിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നഗരസഭാ അധ്യക്ഷരെ പ്രതിനിധീകരിച്ച് നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്‌ളിയു. ആര്‍. ഹീബ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. തുളസി എന്നിവര്‍ കമ്മീഷന് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി കമ്മീഷന്‍ ഇന്ന് (മേയ് 29) രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഉച്ചയ്ക്കും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി വൈകിട്ടും ചര്‍ച്ച നടത്തും.      
    കമ്മീഷന്‍ അംഗങ്ങളായ ശക്തികാന്ത ദാസ്, ഡോ. അനൂപ് സിങ്, ഡോ. അശോക് ലാഹ്രി, ഡോ. രമേശ് ചന്ദ്, സെക്രട്ടറി അരവിന്ദ് മേത്ത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പി.എന്‍.എക്‌സ്.2053/18

date