Skip to main content

വിവിധ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരം: ധനകാര്യ കമ്മീഷന്‍

തദ്ദേശസ്വയംഭരണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരമാണെന്ന് പതിനഞ്ചാമത് കേന്ദ്ര ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ മേഖലകളിലെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിശീര്‍ഷ വരുമാനം, മാനവവിഭവശേഷി എന്നിവയിലെ കേരളത്തിന്റെ സൂചിക മികച്ചതാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ വികസിത രാജ്യങ്ങളുടെ സൂചികയ്ക്ക് തുല്യമാണിത്. രാജ്യത്തിന്റെ ശരാശരിക്കും മേലെയാണ് കേരളത്തിന്റെ സ്ഥാനമെന്ന പ്രത്യേകതയുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും കേരളം ഏറെ മുന്നേറി.
    തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. സമ്പൂര്‍ണ വൈദ്യുതീകരണം, വെളിയിട വിസര്‍ജ്ജന മുക്തം എന്നിവയില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകയാണ്. കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. ധനകമ്മി മൂന്ന് ശതമാനത്തിലെത്തിക്കാനുള്ള ശ്രമം കേരളം ഗൗരവത്തോടെ നടത്തുന്നുണ്ട്. മാനവ വിഭവ ശേഷിയും മനോഹരമായ തീരങ്ങള്‍ ടൂറിസം വികസനത്തിനും കേരളത്തിന് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു തന്നതാണെങ്കിലും അവയെല്ലാം സ്വീകരിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.എന്‍.എക്‌സ്.2064/18

date