Skip to main content

സമൂഹമൈത്രി ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കും: ഗവര്‍ണര്‍

സമൂഹത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും സര്‍ക്കാരിന്റെ പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    ആധുനികവും സമാധാനവുമുള്ള സമൂഹമായി മാറുന്നതിന് സൃഷ്ടിപരമായ ആശയങ്ങള്‍ കേരളത്തിന് സഹായകരമാവും. അടുത്തിടെ വ്യാപിച്ച നിപ വൈറസിനെതിരെ ആരോഗ്യ വകുപ്പ് നടത്തിയ സത്വര നടപടികള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലിസത്തിന് തെളിവാണ്. നിപയെ തടയുന്നതിന് കഠിന പ്രയത്‌നം നടത്തിയ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവര്‍ത്തകരും കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ഡോക്ടര്‍മാരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം, നിപയുടെ പേരില്‍ ഇവിടെ നിന്നുള്ള പച്ചക്കറികളും ഫലവര്‍ഗങ്ങളും ചില വിദേശ രാജ്യങ്ങളും സമീപ സംസ്ഥാനങ്ങളും സ്വീകരിക്കാന്‍ മടിക്കുന്ന പ്രശ്‌നത്തെ നേരിടേണ്ടതുണ്ട്. നവകേരളം മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ ഓരോ മേഖലയിലും മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി,ഭവനം, ആരോഗ്യം തുടങ്ങിയ മേഖലകളാണ് നവകേരളം മിഷന്റെ കേന്ദ്രബിന്ദു. ആഗോള മത്‌സരാധിഷ്ഠിത ലോകത്തെ നേരിടുന്നതിന് നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ആയിരക്കണക്കിന് ക്‌ളാസ് മുറികള്‍ ഹൈടെക് ആക്കുകയും സിലബസ് പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഹരിത കേരളം പദ്ധതി കേരളത്തിലേക്ക് ജൈവകൃഷി തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. ഇതിലൂടെ നെല്ല്, പച്ചക്കറി, പാല്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആരോഗ്യ സേവനം രോഗീസൗഹൃദമാക്കാന്‍ ആര്‍ദ്രം മിഷന് സാധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. സാമ്പത്തികമായും സാമൂഹ്യമായും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി അഞ്ച് ലക്ഷം വീടുകളാണ് ലൈഫ് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ അടിസ്ഥാന സൗകര്യ വികസനം നടത്തുന്ന സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയതിനൊപ്പം സൗരോര്‍ജത്തിനും സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. ഏറ്റവും വലിയ ഒഴുകുന്ന സൗരോര്‍ജ പ്ലാന്‍് സ്ഥാപിച്ചതിനു പുറമെ സൗരോര്‍ജ ബോട്ടുകളും ഇലക്ട്രിക് കാറുകളും സി. എന്‍. ജി ബസുകളും ഗതാഗത മേഖലയില്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരുന്നു.
    ഇന്റര്‍നെറ്റ് അവകാശമാക്കാനുള്ള നടപടി ഐ. ടി മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണ്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും 13 സ്ഥാപനങ്ങളെ ലാഭകരമാക്കുകയും ചെയ്ത വ്യവസായ നയം പ്രോത്‌സാഹനാജനകമാണ്. മികച്ച ദേശീയ പാതകളും മറ്റു നിരത്തുകളും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിശ്ചയദാര്‍ഡ്യം വെളിവാക്കുന്നതാണ്. അടുത്ത ആഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ യോഗത്തിലുണ്ടാവും. തനിക്ക് ലഭിക്കുന്ന നിവേദനത്തിലെ ആവശ്യങ്ങള്‍ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് ബണ്ടിക്കൂട്ട് റോബോട്ട് തയ്യാറാക്കിയതിലൂടെ അവശ വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അനുകമ്പ വ്യക്തമായി. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതും അംഗപരിമിത സൗഹൃദമാക്കുന്നതും സംബന്ധിച്ച് സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയൊക്കെ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിയത് സന്തോഷം നല്‍കുന്നു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടയിടണം. ദുരഭിമാനക്കൊലയുടെ പേരില്‍ വളരുന്ന അസഹിഷ്ണുതയെ ആധുനിക സമൂഹം എന്ന നിലയില്‍ ഒറ്റക്കെട്ടായി കേരളം പ്രതിരോധിക്കണം. ഈ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് മഹാത്മ ഗാന്ധിയുടെ 150ആം ജന്‍മവാര്‍ഷികം രാജ്യം ആചരിക്കുകയാണ്. ഗാന്ധിജിയുടെ തത്വങ്ങളായ സഹിഷ്ണുത, അക്രമരാഹിത്യം, മനുഷ്യത്വം എന്നിവ യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളുണ്ടാവണം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍, തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം, ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ സംരക്ഷണം എന്നിവയിലൂടെയെല്ലാം മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണ്. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമായി പ്രവര്‍ത്തിക്കുന്ന എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ മര്യാദ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ട സംസ്ഥാനമാക്കി മാറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
    മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം സൂര്യാകൃഷ്ണമൂര്‍ത്തി ഒരുക്കിയ മണ്ണും വിണ്ണും കലാപരിപാടി അരങ്ങേറി. ചലച്ചിത്രസംവിധായകന്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത ശരിയുടെ വഴി എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
പി.എന്‍.എക്‌സ്.2102/18

date