Skip to main content

ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരം: മുഖ്യമന്ത്രി

ആദിവാസി, അതിഥി തൊഴിലാളി മേഖലകളില്‍ സാക്ഷരത മിഷന്‍ നടത്തുന്ന ശക്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാക്ഷരതാ മിഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളിലെ ഒരു വിഭാഗം വിദ്യാഭ്യാസത്തോട് താത്പര്യം കാണിച്ചിരുന്നില്ല. ഭാഷയായിരുന്നു പ്രശ്‌നം. മലയാളത്തിന് പകരം ഗോത്രഭാഷയില്‍ വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയതോടെ ഇതിന് പരിഹാരമായി. ഗോത്രഭാഷ പഠിപ്പിക്കുന്നതിന് പ്രത്യേകം അധ്യാപകരെയും നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പ്രക്രിയയും നടക്കുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നല്ല രീതിയില്‍ മലയാളം സംസാരിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ കവിത ചൊല്ലുന്നതു പോലെ അവരും ചൊല്ലുന്നത് അടുത്തിടെ ഒരു പരിപാടിയില്‍ കണ്ടു. ഒറ്റപ്പെട്ട ജനവിഭാഗങ്ങളെ സാക്ഷരരാക്കുകയെന്നത് സമൂഹത്തിന്റെ പൊതുവികസനത്തിന്റെ ഭാഗമായി കാണണം. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊരുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. 

കേരളത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിച്ച ഒട്ടേറെപ്പേരുണ്ട്. ജനവും നാടും ഒന്നായി നീങ്ങിയതിന്റെ ഫലമായാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തില്‍ ജനകീയ പ്രക്രിയയായി വളര്‍ന്നു വരികയാണെന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസം പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം. ആസ്ഥാന മന്ദിരം വരുന്നതോടെ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറേക്കൂടി ആര്‍ജവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ, മേയര്‍ വി. കെ. പ്രശാന്ത്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കൗണ്‍സിലര്‍ ഡി. അനില്‍കുമാര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി. കെ. നാരായണദാസ്, കെ. വി. സുമേഷ്, ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

പി.എന്‍.എക്‌സ്.2104/18

 

date