Skip to main content

സാമൂഹിക പ്രതിബന്ധതാ പദ്ധതി: വിഴിഞ്ഞം അദാനി പോര്‍ട്ട് ഗ്രൂപ്പ്  കോട്ടപ്പുറത്ത് പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടങ്ങും

 

വിഴിഞ്ഞം അദാനി പോര്‍ട്ട് ഗ്രൂപ്പ് അടുത്തവര്‍ഷം സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ ഭാഗമായി കോട്ടപ്പുറം കേന്ദ്രമാക്കി പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് നടത്തി വരുന്ന സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി പ്രകാശനം ചെയ്തു.  അടുത്ത വര്‍ഷം തൊഴില്‍ നൈപുണ്യത്തിനായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, ജൈവമാലിന്യ സംസ്‌കരണത്തിനായി മെക്കനൈസ്ഡ് ശുചിത്വ പ്ലാന്റ്, സൗരോര്‍ജ വിളക്കുകള്‍, ഡ്രെയിനേജുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അദാനി തുറമുഖകമ്പനിയുടെ സാമൂഹ്യ പ്രതിബന്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  സര്‍ക്കാര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിലും അദാനി ഫൗണ്ടേഷന്‍ നടത്തിയ നീഡ്‌സ് അസസ്‌മെന്റ് പഠനത്തിലും നിഷ്‌കര്‍ഷിച്ചതനുസരിച്ച് സമഗ്ര പ്രാദേശിക വികസനം ലക്ഷ്യംവെച്ച് പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവനവികസനം, നഗര അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ നാലു മേഖലകളിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. തുറമുഖത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, മുല്ലൂര്‍, വെങ്ങാനൂര്‍ എന്നീ വാര്‍ഡുകളിലാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷങ്ങളിലായി 15 കോടി രൂപയുടെ പദ്ധതികളാണ് ഈവര്‍ഷം പൂര്‍ത്തിയാകുന്നത്. ഹാര്‍ബര്‍ വാര്‍ഡില്‍ എച്ച്.എ.എല്‍.പി സ്‌കൂളിന് 10 ക്ലാസ് മുറികളുള്ള കെട്ടിടം പൂര്‍ത്തിയാക്കുകയും മുല്ലൂര്‍ പനവിള യു.പി സ്‌കൂളിന് 10 ക്ലാസ് മുറികളുള്ള ഇരുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതും പ്രധാന പ്രവര്‍ത്തനങ്ങളാണ്. കോര്‍പറേഷനുമായി സഹകരിച്ച് ഖരമാലിന്യസംസ്‌കരണത്തിന് വിഴിഞ്ഞം, ഹാര്‍ബര്‍, കോട്ടപ്പുറം വാര്‍ഡുകളിലായി 21 എയ്‌റോബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരുനിലക്കെട്ടിടവും ആശുപത്രി ഉപകരണങ്ങളും നല്‍കി. വിഴിഞ്ഞം പ്രദേശത്തുനിന്നുള്ള 9, 11 ക്ലാസുകളിലെ 250 വിദ്യാര്‍ഥികള്‍ക്ക് ജീവിത നൈപുണ്യ കരിയര്‍ പരിശീലനം നല്‍കിയതുള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. 

ചടങ്ങില്‍ അദാനി ഗ്രൂപ്പ് സി.ഇ.ഒ രാജേഷ് ഝാ, കോര്‍പ്പറേറ്റ് റിലേഷന്‍ ഹെഡ് സുശീല്‍ നായര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിള്‍ ഹെഡ് അനില്‍ ബാലകൃഷ്ണന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സിപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

പി.എന്‍.എക്‌സ്.2114/18

date