Skip to main content

എറണാകുളം അറിയിപ്പുകള്‍

അന്വേഷകര്‍ക്ക് ആശ്വാസമായി 

ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്റര്‍

കൊച്ചി: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട  വിവിധ അന്വേഷണങ്ങളുമായി എത്തുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്റര്‍. മെയ്മാസം 547 പേരാണ് സേവനങ്ങള്‍ക്കായി കാള്‍സെന്ററിനെ സമീപിച്ചത്. ഇവര്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നു എന്നത് ലേബര്‍ കാള്‍സെന്ററിന്റെ വിശ്വാസ്യതയും സ്വീകാര്യതയും  വര്‍ധിപ്പിക്കുന്നു. ഇതിന് തെളിവാകുകയാണ് ഓരോ മാസവും സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധന.   

തൊഴില്‍ സംബന്ധമായ പൊതു വിവരങ്ങള്‍ക്കും, വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി, ആവാസ്, വേതനസുരക്ഷാപദ്ധതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവിധ  തൊഴില്‍ സംബന്ധിയായ വിവരങ്ങള്‍ക്കുമാണ് കൂടുതല്‍ പേരും കാള്‍സെന്റര്‍ സേവനം ഉപയോഗപ്പെടുത്തിയത്. 

  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മെയ്മാസം ലഭിച്ച 21 പരാതികളില്‍ 14 എണ്ണത്തിനും പരിഹാരം കണ്ടെത്താനായി. കയറ്റിറക്കുമായി ബന്ധപ്പെട്ട 13 പരാതികളില്‍ 11 എണ്ണത്തിനും, ജോലി നിരസിച്ചതുമായി ബന്ധപ്പെട്ട്  ഏഴ് പരാതികളില്‍ രണ്ടെണ്ണത്തിനും  പരിഹാരമായി. കുറഞ്ഞ വേതനം സംബന്ധിച്ച് ഒരു പരാതി മാത്രമാണ് ലഭിച്ചത്. ഇതിനും പരിഹാരം കണ്ടെത്താനായി. 

അവധി ദിവസങ്ങളിലുള്‍പ്പെടെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയും കോള്‍സെന്റര്‍ സേവനം ലഭ്യമാണ്.  തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന കോള്‍സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകള്‍  155214, 180042555214. 

 

സിന്തൈറ്റ് സമരം: ലേബര്‍ കമ്മീഷണറുടെ

അധ്യക്ഷതയില്‍ ജൂണ്‍ ഏഴിന് ചര്‍ച്ച

 

കാക്കനാട്: തൊഴിലാളി യൂണിയനുകളുടെ സമരത്തെ തുടര്‍ന്ന്  പ്രവര്‍ത്തനം തടസ്സപ്പെട്ട കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ വിവിധ യൂണിയന്‍ പ്രവര്‍ത്തകരും മാനേജ്‌മെന്റുമായി  ജൂണ്‍ ഏഴിന് ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു.  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  തൊഴിലാളി യൂണിയന്‍ പ്രതിനിധികളും മാനേജ്‌മെന്റും കലക്ടറേറ്റില്‍ ഇന്നലെ (ജൂണ്‍4) നടത്തിയ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.  സ്ഥാപനവുമയി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ക്രമസമാധാനം സംരക്ഷിക്കണമെന്നും സന്നദ്ധതയുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.   റീജ്യണല്‍ ജോയന്റ് ലേബര്‍ കമ്മീഷണര്‍ സി.കെ.ശ്രീലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഷീല എം.വി, സി.ഡി. സി.ഐ.ഡി. എറണാകുളം റൂറല്‍ ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജു, പുത്തന്‍കുരിശ് എസ്.ഐ. കെ.പി.ജയപ്രസാദ്,  സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് തൊഴിലാളി യൂണിയനുകളുടെയും മാനേജ്‌മെന്റിന്റെയും  പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

 

കാക്കനാട്: നാളെ (ജൂണ്‍ 6) മുതല്‍ ജൂണ്‍ ഒമ്പത് വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  മണിക്കൂറില്‍ 12 മുതല്‍ 20 സെ.മീ. വരെ മഴ പെയ്യാനാണ് സാധ്യത.  ജില്ലയില്‍ ഇതുവരെ 10 വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു.  കഴിഞ്ഞ 24 മണിക്കൂറില്‍ 30.46 മി.മീ. മഴയാണ് ജില്ലയില്‍ പെയ്തത്. 

 

 

ആശുപത്രിയിലെ തൂക്കഉപകരണങ്ങള്‍
ലീഗല്‍ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്തണം

കൊച്ചി: ആശുപത്രികളില്‍ ശരീരഭാരം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്നതു ഉള്‍പ്പെടെയുള്ള തൂക്കഉപകരണങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്താതെ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ് . അതിനാല്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ സാധുതയുള്ള സാക്ഷ്യപ്പെടുത്തല്‍ ഉളളവയാണെന്ന് ആശുപത്രി അധികാരികളും നടത്തിപ്പുകാരും ഉപയോക്താക്കളായ ഡോക്ടര്‍മാരും ഉറപ്പാക്കണം . 

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന്  മദ്ധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.റാം മോഹന്‍ അറിയിച്ചു. പ്രസ്തുത ഉപകരണങ്ങളുടെ  പരിശോധനകള്‍ സംബന്ധിച്ചു  വിഷയങ്ങള്‍ക്കായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റുമാരും ആയി ബന്ധപ്പെടാം . എറണാകുളം 8281698058, ഇടുക്കി 8281 698052, തൃശ്ശൂര്‍ 82 81698075, പാലക്കാട് 8281698085

യുദ്ധസേനാനികളുടെ ആശ്രിതര്‍
വിവരം നല്‍കണം

കൊച്ചി: ജില്ലയിലെ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെയോ അവരുടെ വിധവകളുടെയോ ആശ്രിതരായി കഴിഞ്ഞിരുന്ന അവിവാഹിതരോ വിവാഹബന്ധം വേര്‍പെടുത്തിയവരോ വിധവകളോ ആയ പെണ്‍മക്കള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന് പരിഗണിക്കുന്നു. ഇതിനായി വിവരം ജൂണ്‍ പത്തിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0484 2422239.
പഠനസാമഗ്രികള്‍ വിതരണം ചെയ്തു

കൊച്ചി: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഊരുകൂട്ട യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തി. ഊരുകൂട്ട മൂപ്പന്‍ സാബു കുഞ്ഞന്‍ അദ്ധ്യക്ഷനായിരുന്നു.   പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനസാമഗ്രികള്‍ വിതരണം ചെയ്യാനാണ് യോഗം ചേര്‍ന്നത്.                                                                                    യോഗത്തില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന നാല് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട  വിദ്യാര്‍ത്ഥികള്‍ക്കും ഒരു എസ്.സി വിദ്യാര്‍ത്ഥിക്കും ലാപ് ടോപ്പുകള്‍ നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍ എന്നിവയടങ്ങിയ ഓരോ കിറ്റ് വീതം വിതരണം ചെയ്യുകയും ചെയ്തു.                                                                        പഞ്ചായത്ത് എസ്.സി, എസ്.ടി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ലാപ്പ്‌ടോപ്പുകള്‍ വാങ്ങിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആശ ജിഫി, എസ്.ടി പ്രൊമോട്ടര്‍ സ്വപ്ന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി:
അപേക്ഷ ക്ഷണിച്ചു
    കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസിലേക്കും ആറാം ക്ലാസ് മുതല്‍ മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്കും 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിനു വേണ്ടി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുളള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്തു മുഖേന നടപ്പിലാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി അനുസരിച്ചാണിത്.
നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബോര്‍ഡിംഗ് സൗകര്യമുളള സ്വകാര്യ സ്‌കൂളുകളിലാണ് വിദ്യാര്‍ഥികളെ പ്രവേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ബോര്‍ഡിംഗില്‍ താമസിച്ചു വേണം പഠനം നടത്തേണ്ടത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് വരെയുളള മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും (ട്യൂഷന്‍ ഫീസ്, ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങള്‍, താമസ സൗകര്യം, ആഹാര ചെലവ്, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുളള ഫീസ്. യൂണിഫോം ഡ്രസ്. ഒരു വര്‍ഷം മൂന്നു തവണ സ്വന്തം വീട്ടീല്‍ പോയി വരുന്നതിനുളള യാത്രാബത്ത മുതലായവ) സൗജന്യമാണ്.
ജാതി, വരുമാനം, വര്‍ഷാവസാന മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂണ്‍ 10-ന് മുമ്പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിച്ചിരിക്കണം.
ജില്ലയിലെ പഞ്ചായത്തുകളിലുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുളളത്.

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിനുളള
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയും പദ്ധതിയില്‍ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷാഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂണ്‍ 10 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ  (20 നും 50 നും ഇടയ്ക്ക് പ്രായമുളള) രണ്ട് മുതല്‍ നാലു പേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, എറണാകുളം  ഫോണ്‍ 0484-2607643, 1800 425 7643 വിലാസത്തില്‍.

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളിലുള്ള അവസരങ്ങളിലേയ്ക്ക് വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള വിമുക്തഭടന്മാര്‍ www.dgrindia.com   എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ  dgrddemp@desw.gov.in  അല്ലെങ്കില്‍ dgrjdit@gmial.com    എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഫ്യൂമിഗേഷന്‍ ഡിസ്പന്‍സര്‍ വാങ്ങുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു; ദര്‍ഘാസുകള്‍  ജൂലൈ 11-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754456, 4422.
കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പേഷ്യന്റ് വാര്‍മിംഗ് യൂണിറ്റ്  വാങ്ങുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍  ജൂലൈ 11-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754456, 4422.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുന്ന ബി.പി.എല്‍ വിഭാഗം രോഗികള്‍ക്ക് ബ്രെഡ് ലഭ്യമാക്കുന്നതിന് താത്പര്യമുളള ബ്രെഡ് ഉത്പാദകരില്‍ നിന്നും മത്സരാധിഷ്ഠിത താത്പര്യപത്രം ക്ഷണിച്ചു. ഗുണമേന്മയുളള ബ്രെഡ് മാത്രമേ വിതരണം ചെയ്യുകയുളളൂ എന്ന് വിതരണക്കാര്‍ ഉറപ്പു വരുത്തണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13-ന് വൈകിട്ട് മൂന്നിനു മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754456, 4422.

കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജ്  ആശുപത്രിയുടെ ആവശ്യത്തിലേക്ക് ഒരു എല്‍.ഇ.ഡി സ്‌പോട്ട് ലൈറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 16-ന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000

  

 

date