Skip to main content

സ്‌പൈസസ് ഹട്ടും റംസാന്‍ മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു

കേരള കരകൗശല വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പൈസസ് ഹട്ടും റംസാന്‍ മേളയും ആരംഭിച്ചു. വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. 

കരകൗശല വികസന കോര്‍പറേഷന്റെ ഡല്‍ഹിയിലെ കെട്ടിടത്തില്‍ സ്‌പൈസസ് ഹട്ട് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധമാവും സ്‌പൈസസ് ഹട്ട് ആവിഷ്‌കരിക്കുക. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് കരകൗശല വികസന കോര്‍പറേഷന്‍. ഇതിന് ജീവനക്കാരുടെയും തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റേയും കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. 

കരകൗശല ഉത്പന്നങ്ങളും കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങളും കോര്‍പറേറ്റ് ഗിഫ്റ്റ് എന്ന തരത്തില്‍ സ്‌പൈസസ് ഹട്ടില്‍ ഒരുക്കും. കേരള തനിമയുള്ള പ്രത്യേക പെട്ടികളിലാണ് ഉത്പന്നങ്ങള്‍ ലഭിക്കുക. ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ മേളയാണ് നടത്തുന്നത്. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ഡി എന്‍.കെ. മനോജ്, കൗണ്‍സിലര്‍ എം. വി. ജയലക്ഷ്മി, റിയാബ് സെക്രട്ടറി എസ്. സുരേഷ്, കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.2194/18

date