Skip to main content

ഹരിതകേരളം ജില്ലാ പരിസ്ഥിതി ദിനാഘോഷം ഇന്ന്

ആലപ്പുഴ: ഹരിത കേരളം മിഷൻ, സോഷ്യൽ ഫോറസ്ട്രി, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലോക പരിസ്ഥിതി ദിനാഘോഷം  ഇന്ന്(ജൂൺ അഞ്ച്) നടക്കും.  രാവിലെ പത്തുമണിക്ക് ബീച്ചിൽനിന്ന് എൻ.സി.സി കുട്ടികളുടെ സൈക്കിൾ റാലി ആരംഭിക്കും. റാലി ജില്ലാ പഞ്ചായത്തിൽ എത്തിച്ചേർന്ന്  10.30 ഓടെ ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാതല ഉദ്ഘാടനം നടക്കും.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സുമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. എസ്.ലതി ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബിൻസ് സി.തോമസ് പോസ്റ്റർ പ്രകാശനം ചെയ്യും.  ഫോറസ്റ്റ് അഡീഷണൽ കൺസർവേറ്റർ സുമി ജോസഫ് വൃക്ഷത്തൈ വിതരണം ചെയ്യും. 

  ദേശീയ ഹരിതസേന  ജില്ലാ കമ്മിറ്റി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ സഹകരണത്തോടെ  ജില്ലാതലത്തിൽ ഇന്ന് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും.  രാവിലെ 10 മണിക്ക് ആലപ്പുഴ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും.

 

  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തണ്ണീർമുക്കം  ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്  പഞ്ചായത്തിന്റെ കായൽ പ്രദേശത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തുന്നു. ആലപ്പുഴ ജില്ലയിലെ രൂക്ഷമായ ജല മലിനീകരണ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ സേവ് വാട്ടർ സേവ് ലൈഫ്  എന്ന ആശയവും സംയോജിപ്പിച്ചാണ് പരിപാടി നടത്തുക.പഞ്ചായത്ത് പ്രദേശത്തെ കായലിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച്  പ്രദേശത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രചരണ പരിപാടികളും നടത്തും.  ഇതിന്റെ ഭാഗമായി തണ്ണീർമുക്കം ചെങ്ങണ്ടയിൽ നിന്ന് തണ്ണീർമുക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വള്ളങ്ങൾ 15 കിലോ മീറ്ററോളം സഞ്ചരിച്ച് കായലിലെ പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. തണ്ണീർമുക്കം പഞ്ചായത്ത് മാർക്കറ്റ് റോഡിൽ നടക്കുന്ന സമാപനസമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ബോർഡ് മെമ്പർ മനു. സി.പുളിക്കൻ അധ്യക്ഷത വഹിക്കും.

പരിസ്ഥിതി ദിനം: ബ്ലോക്ക് തല ഉദ്ഘാടനം

 

 അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കിലെ പരിസ്ഥിതി ദിന ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ നിർവഹിക്കും. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുലാൽ അധ്യക്ഷനാകും.മൂന്നുലക്ഷം കശുമാവിൻ തൈകളാണ് പരിസ്ഥിതിദിനത്തിൽ വിതരണം ചെയ്യുക. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 6.54 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിൽ വൃക്ഷത്തൈ വിതരണം നടത്തുമെന്ന് ബി.ഡി.ഒ പറഞ്ഞു. 

 

പരിസ്ഥിതി ദിനത്തിൽ കർഷക സംഗമം

ലോക പരിസ്ഥിതി  ദിനമായ ജൂൺ 5ന്  കായംകളുത്ത് സി.പി.സി.ആർ.ഐ ഓഡിറ്റോറിയത്തിൽ ആകാശവാണിയുടെ സഹകരണത്തോടെ  കർഷക സംഗമം സംഘടിപ്പിക്കുന്നു. ആകാശവാണിയിലെ വയലും വീടും പരമ്പരയായായ തെങ്ങു നൽകും സമ്പൽ സമൃദ്ധി, തെങ്ങിലൂടെ  ജീവിത ഭദ്രത  എന്ന  പരമ്പരയുടെ  മികച്ച ശ്രോതാക്കൾക്കുള്ള സമ്മാനദാനവും നടക്കും. ആകാശവാണി ഡയറക്ടർ  ആർ. വിമലസേനൻ നായർ,  സിപിസിആർഐ ഡയറക്ടർ പി. ചൗഡപ്പ,  കൃഷി വകുപ്പ് മുൻ ഡയറക്ടർ  ആർ. ഹേലി, ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ  പറക്കോട് ഉണ്ണികൃഷ്ണൻ, സിപിസിആർഐ കായംകുളം  മേധാവി ഡോ. വി കൃഷ്ണകുമാർ,  പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി. പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് അംഗം മണി വിശ്വനാഥ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ . ആനന്ദൻ,  എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്  പി .അനിതകുമാരി (പ്രിൻസിപ്പൽ സയന്റിസ്റ്റ്  , ഫാർമേഴ്‌സ് ഫസ്റ്റ് പ്രോഗ്രാം സിപിസിആർഐ , കായംകുളം ഫോൺ: 938716057).

 

ആരൃാട് ബ്ലോക്കിൽ അഞ്ചുലക്ഷം ഫലവൃക്ഷത്തൈ നടും

*

date