Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

 പരിസ്ഥിതി ദിനാചരണം നടത്തി

 

കാക്കനാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നെഹ്രു യുവകേന്ദ്ര, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, യുവധാര സാംസ്‌കാരിക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പരിസ്ഥിതിദിനാചരണം നടത്തി.  തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമബോര്‍ഡിലെയും നെഹ്രു യുവകേന്ദ്രയിലെയും വളണ്ടിയര്‍മാര്‍  പരിസരം ശുചീകരിക്കുകയും  വൃക്ഷത്തൈ  നടുകയും ചെടികള്‍ പരിപാലിക്കുകയും ചെയ്തു.  ശുചിത്വമിഷന്‍ ജില്ല അസി. കോ ഓര്‍ഡിനേറ്റര്‍ സി.കെ.മോഹനന്‍, നെഹ്രു യുവകേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഖില്‍ദാസ് കെ.ടി. തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

സംയോജിത കൃഷി പദ്ധതിയില്‍ 

39.9 ലക്ഷം രൂപ അനുവദിച്ചു

 

കാക്കനാട്: കൃഷിയോടൊപ്പം കൃഷി അനുബന്ധമേഖലകളായ പശുവളര്‍ത്തല്‍, മത്സ്യകൃഷി, തേനീച്ചവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ആടുപരിപാലനം, കൂണ്‍കൃഷി, ജൈവവള നിര്‍മാണ യൂണിറ്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നീ അനുബന്ധമേഖലകളെ സംയോജിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) നടപ്പിലാക്കുന്ന സംയോജിത കൃഷി പദ്ധതിയില്‍ ജില്ലയില്‍ 39.9 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി ലഭിച്ചതായി ആത്മ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.  പദ്ധതി അനുസരിച്ച് മൂന്ന് മുതല്‍ 20 സെന്റ് വരെ കൃഷിഭൂമിയുള്ളവര്‍ക്ക് 10,000രൂപയും 20 മുതല്‍ 30വരെ 20,000 രൂപയും 30 മുതല്‍ 40 വരെ 30,000 രൂപയും 40 മുതല്‍ 50 വരെ 40,000 രൂപയും 50 സെന്റില്‍ കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യുന്നവര്‍ക്ക് 50,000 രൂപയും സബ്‌സിഡി അനുവദിക്കും.  ആത്മയ്ക്ക് ജില്ലയില്‍ ഇപ്രകാരം 20 സെന്റിന്റെ 40, 20 മുതല്‍ 30 സെന്റിന്റെ 40, 30 മുതല്‍ 40 സെന്റിന്റെ 25, 40 മുതല്‍ 50 സെന്റിന്റെ 25, 50സെന്റിന്റെ 20  യൂണിറ്റുകള്‍ വീതമാണുള്ളത്.  കൂടാതെ സംയോജിത കൃഷിയില്‍ പരിശീലനം നല്‍കുന്നതിന് 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.  താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

 

 

 

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം

 

കാക്കനാട്: വിമുതക്തഭടന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ / ഇതര സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളുള്ളതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  താല്‍പര്യമുള്ളവര്‍ക്ക് ംംം.റഴൃശിറശമ എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ റഴൃററലാു@റലംെ.ഴീ്.ശി/ റഴൃഷറശ@േഴാമശഹ.രീാ എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ ചെയ്യാം.  

 

ആര്‍.എല്‍.വി. കോളേജില്‍ വിവിധ ബിരുദ 

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കാക്കനാട്: തൃപ്പൂണിത്തുറ ആര്‍.എല്‍.വി.കോളേജില്‍ സംഗീത, വാദ്യ, നൃത്ത, ചിത്രകല മേഖലകളിലെ വിവിധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു.  മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരവും മൂന്നു വര്‍ഷം ദൈര്‍ഘ്യവുമുള്ള  ബി.എ. വായ്പ്പാട്ട് (വോക്കല്‍), വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം, കഥകളിസംഗീതം, ചെണ്ട, മദ്ദളം കോഴ്‌സുകളിലും നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എഫ്.എ. ചിത്രകല, ശില്‍പകല, പരസ്യകല കോഴ്‌സുകളിലും പ്രായോഗിക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  അപേക്ഷാ ഫോം ഉച്ചയ്ക്ക് രണ്ടു വരെ ഓഫീസില്‍ ലഭിക്കും.  തപാലില്‍ വേണ്ടവര്‍  സ്വന്തം മേല്‍വിലാസം എഴുതി 20 രൂപയുടെ സ്റ്റാമ്പൊട്ടിച്ച  28ത3 സെ.മീ. വലിപ്പമുള്ള കവറും അപേക്ഷാ ഫോമിന്റെ വിലയായ 50 രൂപയ്ക്ക് ആര്‍.എല്‍.വി. കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ എടുത്ത മണി ഓര്‍ഡറും സഹിതം അപേക്ഷിക്കണം.  ഫോണ്‍ :  0484 2779757. 

മലയാളസര്‍വകലാശാല എം.എ. 

കോഴ്‌സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 - 19 അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്‌സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍  ഒരാള്‍ക്ക്  രണ്ട് കോഴ്‌സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്.  പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്‌സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്‌കാരപൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്‌സുകള്‍ക്ക് ജൂണ്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഏഴിന് 8.30 മുതല്‍  തിരുവനന്തപുരം, കോട്ടയം,  എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു  കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20% ഒബ്ജക്ടീവ് രീതിയിലും 80% വിവരണാത്മകരീതിയിലുമുള്ള  ചോദ്യങ്ങള്‍ ഉണ്ടാകും.  ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്ത് പേര്‍ക്കാണ് ഓരോ കോഴ്‌സിലും  പ്രവേശനം നല്‍കുക.  നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്‌സുകള്‍ക്ക്  ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. 2018 ജൂലൈ 31 ന് 28വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-വര്‍ഗ്ഗം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30വയസ്സ്).  ഓരോ കോഴ്‌സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.   സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പിക്കണം. ഇതിന് 20 മാര്‍ക്ക് ലഭിക്കും.  രചനയില്‍ പേര് എഴുതാന്‍ പാടില്ല.  ജൂണ്‍ 04 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ പുതുക്കിയ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം.  ഒരു കോഴ്‌സിന് 350 രൂപയാണ് അപേക്ഷാ ഫീസ്. 700 രൂപ അടയ്ക്കുന്നവര്‍ക്ക് മൂന്നെണ്ണത്തിന് പ്രവേശനപരീക്ഷ എഴുതാം. (പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 150 രൂപ). എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532  എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ  നല്‍കുന്നവര്‍ ഫീസ്തുക  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി ഡി യായി നല്‍കണം .

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചി: മഹാരാജാസ് കോളേജിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ബി.എ, ബി.എസ്.സി, ബി.കോം പ്രോഗ്രാമുകളിലെ സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ഡിസേബിള്‍ഡ് ക്വാട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.

 

date