Skip to main content

ആരോഗ്യജാഗ്രത: ശുചിത്വം ഉറപ്പു വരുത്താന്‍ കോട്ടയ്ക്കലില്‍ കര്‍ശന പരിശോധന

ശുചിത്വം ഉറപ്പു വരുത്താന്‍ കര്‍ശന പരിശോധനകളും പദ്ധതികളുമായി കോട്ടയ്ക്കല്‍ നഗരസഭ. ബോധവത്കരണത്തോടൊപ്പം പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ അനൗണ്‍സ്‌മെന്റ് നടത്തുന്ന തൊടൊപ്പം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി ക്യാമറകള്‍കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് നഗരസഭാധികൃതര്‍.
പകര്‍ച്ച വ്യാധികളും മഴക്കാല രോഗങ്ങളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ശുചിത്വ പരിശോധനകള്‍ നടക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെയും മറ്റും  താമസസ്ഥലത്ത് പ്രത്യേക പരിശോധനകള്‍ നടന്നുവരികയാണ്. എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍. കഴിഞ്ഞ ദിവസം കോട്ടപ്പടി ഭാഗത്തെ മൂന്നു ലോഡ്ജുകളില്‍ പരിശോധന നടത്തി. ഇതില്‍ ശോചനീയാവസ്ഥയില്‍ കണ്ടെത്തിയ ഒരു ലോഡ്ജ് പൂട്ടാന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വളരെ തിങ്ങി ഞെരുങ്ങിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിച്ചിരുന്നത്. മാലിന്യങ്ങള്‍ റോഡരികിലേക്കും ഓടയിലേക്കും ഒഴുക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് ലോഡ്ജ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.  
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും മറ്റുജല സ്രോതസ്സുകളുടെയും ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തുറന്ന സ്ഥലങ്ങളില്‍ ഉപ്പിലിട്ടവ, അച്ചാര്‍ പോലുള്ളവ വില്‍പന നടത്തിയിരുന്നത് അടപ്പിച്ചു. ഐസ് ഫാക്ടറികളിലും അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.
മഹല്ല് ഭാരവാഹികളുടെ സഹകരണത്തോടെ ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലം, ചര്‍ച്ച് ഭാരവാഹികളുടെ യോഗവും ഉടന്‍ നടക്കും. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും തരം തിരിക്കുന്നതിനുമുള്ള റിസൈക്ലിംഗ് യൂണിറ്റ് ഉടന്‍ ആരംഭിക്കും. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കെ.കെ നാസര്‍ പറഞ്ഞു. 

date