Skip to main content

ഹരിതകേരളമിഷന് സഹായം നല്‍കാന്‍ തയ്യാര്‍:  യു.എന്‍.ഇ.പി സംഘം

സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പും സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് യുണൈറ്റഡ് നാഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം തലവന്‍ എറിക് സോള്‍ഹിം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. തൃശൂര്‍ രാമനിലയത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഹരിതകേരളം മിഷനിലൂടെ കേരളം നടപ്പാക്കി വരുന്ന ജലസംരക്ഷണ, മാലിന്യ നിര്‍മ്മാര്‍ജ്ജന, മലിനജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം യു.എന്‍ സംഘം വാഗ്ദാനം ചെയ്തത്. എറിക് സോള്‍ഹിംനു പുറമേ യു.എന്‍.ഇ.പി. ഏഷ്യ പസഫിക് ഡയറക്ടര്‍ സെക്കിയന്‍ ടെസ്റിംഗ്, ഇന്ത്യന്‍ ഓഫീസ് ഹെഡ് അതുല്‍ ബഗായി, ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹരിതകേരള മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ, ടെക്നിക്കല്‍ അഡ്വൈസര്‍ ഡോ. ആര്‍. അജയകുമാര്‍വര്‍മ്മ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. 
    ജല മണ്ണ് പരിശോധനക്കായി ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ കേന്ദ്രീകരിച്ച് മികച്ച ലാബുകള്‍ സ്ഥാപിക്കല്‍, നഗരപ്രദേശങ്ങളിലെ ഓടകള്‍ വ്യത്തിയാക്കുന്നതിന് സാങ്കേതികവും അല്ലാത്തതുമായ സഹായം, ജൈവ ഉല്പ്പന്നങ്ങള്‍ക്ക് ഗുമമേന്മാ മാനദണ്ഡങ്ങള്‍ നിജപ്പെടുത്തുന്നതിനുള്ള സഹായം എന്നിവ ലഭ്യമാക്കണമെന്നും ഹരിതകേരള മിഷനുമായി സഹകരിക്കണമെന്നും മിഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഹരിതകേരള മിഷന്‍ കേരള നടത്തിയ പ്രവര്‍ത്തനങ്ങളും രേഖകളും സംഘം വിലയിരുത്തി. കൊച്ചി വിമാനത്താവളത്തില്‍ സിയാല്‍ നടപ്പിലാക്കിയ സൗരോര്‍ജ്ജപാടം സംബന്ധിച്ച സംഘം മതിപ്പ് പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് സാങ്കേതിക സഹായം സിയാലില്‍ നിന്നും തേടുമെന്നും യു.എന്‍. സംഘം പറഞ്ഞു.
 

date