Skip to main content

ജൂണ്‍ 5 മുതല്‍ സ്കൂളുകള്‍ ഹരിതാവരണ ക്യാമ്പസുകളാക്കും : വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

 പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ സംസ്ഥാനത്തെ 14,000 ഗവണ്‍മെന്‍റ്, സ്വകാര്യ സ്കൂളുകളില്‍ ഹരിതാവരണ ക്യാമ്പസ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 33 ശതമാനം ഹരിതാവരണമുള്ള ക്യാമ്പസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പരിസ്ഥിതി ദിനത്തില്‍ തന്നെ ഓരോ സ്കൂളുകളിലും ഓരോ പ്ലാവുകള്‍ വീതം നടാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിസഭ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 
    ഓരോ മണ്ഡലത്തിലും അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകള്‍ എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ഈ മാസം 13 സ്കൂളുകള്‍ക്ക് തറക്കല്ലിടും. ജൂണ്‍ 15 നകം സംസ്ഥാനത്തെ 45,000 സ്കൂള്‍ ക്ലാസ്സുമുറികള്‍ ഹൈടെക് ആക്കി ഉയര്‍ത്തുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകും. 2019 മാര്‍ച്ച് 31 നകം സംസ്ഥാനത്തെ എല്‍ പി, യു പി സ്കൂളുകള്‍ ഹൈടെക് ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. പൊതുവിദ്യാലയം ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വന്നെത്തിയത്. ഇത് കേരളത്തെ സംബന്ധിച്ച് മുന്‍പില്ലാത്ത പ്രവണതയാണ്. ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയത്. ഇതിനു തെളിവാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക്. 593.5 കോടി രൂപയാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഗവണ്‍മെന്‍റ്, എയ്ഡഡ് സ്കൂളുകള്‍ ഹൈടെക്കാക്കി മാറ്റാന്‍ സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 322 കോടി രൂപയും എയ്ഡഡ് വിഭാഗത്തിലേക്കാണ് അനുവദിച്ചത്. ഇതിലൂടെ പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ജന പങ്കാളിത്തത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
            സംസ്ഥാനത്തെ 14,000 സ്കൂളുകള്‍ അക്കാദമിക് മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പഠനത്തോടൊപ്പം കുട്ടികളുടെ സര്‍ഗശേഷി വികസിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസരീതിയാണ് ഇവിടങ്ങളില്‍ നടപ്പാക്കുക. കേരളത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഹൈസ്കൂള്‍, എല്‍ പി, യൂ പി സ്കൂളുകളെ മികവിന്‍റെ പാതയിലെത്തിക്കാനും ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തെ ജനം വസ്തുതാപരമായി വിലയിരുത്തുന്ന സമീപനത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
    യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസവും കേരള വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
 

date