Skip to main content

വായനാപക്ഷാചരണം ; വിപുലമായ പരിപാടികള്‍ :   ജില്ലാതല ഉദ്ഘാടനം 19 ന് 

പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 രാവിലെ 10 ന് തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കും. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെയാണ് വായനപക്ഷാചരണം. പക്ഷാചരണം വിപുലമാക്കുന്നതിന് ജില്ലാ കളക്ടര്‍ ടി വി അനുപമ ചെയര്‍പേഴ്‌സണും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവരാണ് മുഖ്യാരക്ഷാധികാരികള്‍.  എം പി മാരായ സി എന്‍ ജയദേവന്‍, ഇന്നസെന്റ്, ഡോ. പി കെ ബിജു, എം എല്‍ എ മാരായ മുരളി പെരുനെല്ലി, പ്രൊഫ. കെ യു അരുണന്‍, യു ആര്‍ പ്രദീപ്, അനില്‍ അക്കര, കെ വി അബ്ദുള്‍ ഖാദര്‍, ഗീതാഗോപി, വി ആര്‍ സുനില്‍കുമാര്‍, ബി ഡി ദേവസ്സി, അഡ്വ. കെ രാജന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
    ജൂണ്‍ 15 നകം പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിക്കും. സ്‌കൂളില്‍ വായനപക്ഷാചരണ പരിപാടികള്‍ നടത്തുന്നത് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
    ജൂണ്‍ 19  ഉച്ചതിരിഞ്ഞ് ഉപജില്ലാതല ഉദ്ഘാടനങ്ങള്‍ നടത്തും. ജൂലൈ 7 ന് താലൂക്ക് തലത്തില്‍ വായനാപക്ഷാചരണത്തിന്റെ സമാപനം നടത്തും. ഉദ്ഘാടന ചടങ്ങുകളില്‍ പി എന്‍ പണിക്കര്‍ അനുസ്മരണവും സമാപനയോഗങ്ങളില്‍ ഐ പി ദാസ് അനുസ്മരണവും സംഘടിപ്പിക്കും.
    ജില്ലാതല ഉദ്ഘാടനയോഗത്തില്‍ ജില്ലയിലെ 3 വിദ്യാഭ്യാസ ജില്ലകളിലെയും ഓരോ സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകകിറ്റ് സമ്മാനമായി നല്‍കും. ജില്ലയിലെ സാക്ഷരതാ കേന്ദ്രങ്ങളിലെ മികച്ച ലൈബ്രറിക്കും പുസ്തക്കിറ്റ് നല്‍കും. ഗ്രന്ഥശാല പ്രവര്‍ത്തകരെയും, മികച്ച അദ്ധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും ആദരിക്കും. മികച്ച രീതിയില്‍ വായനപക്ഷാചരണം നടത്തിയ സ്‌കൂളുകളെ സമാപനയോഗങ്ങളില്‍ അനുമോദിക്കും.
    വായശാലതലത്തില്‍ വനിതകള്‍ക്ക് വായനമത്സരം, സ്‌കൂളുകളില്‍  എഴുത്തുപ്പെട്ടി ഉദ്ഘാടനം, വായനശാല, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനകൂട്ടായ്മ രൂപീകരണം, സ്‌കൂളുകളില്‍ ലൈബ്രറി സജ്ജീകരിക്കല്‍, വായനശാലകളില്‍ പുസ്തകപ്രദര്‍ശനം, സ്‌കൂളുകളില്‍ അമ്മ വായന, സ്‌കൂളുകളിലെയും ലൈബ്രറികളിലും ലഹരി വിരുദ്ധ സദസ്സുകള്‍, അക്ഷരോത്സവം, ബഷീര്‍ അനുസ്മരണം, യു പി തല വായനാമത്സരം, പഞ്ചായത്ത് തലത്തില്‍ പൊതുപരിപാടികള്‍ സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.
 

date