Skip to main content

സംസ്ഥാനത്ത് 10 ലക്ഷം കുടുംബങ്ങളിലേക്ക് ജലസാക്ഷരതാ ക്ലാസ്  *ജലസാക്ഷരതാ പാഠാവലി പ്രകാശനം ചെയ്തു

'ജലസംരക്ഷണം' എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ 70,000  പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെ സംസ്ഥാനത്ത് ജലസാക്ഷരതാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ ഭാഗമായി ഒരോ പഠിതാവും തന്റെ വാസസ്ഥലത്തിന് സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസ്സെടുക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ക്ലാസ്. മൊത്തം 10 ലക്ഷം പഠിതാക്കള്‍ പങ്കെടുക്കും. ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് ക്ലാസ്. 

ജലസാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാമിഷന്‍ പ്രത്യേകം പാഠാവലിക്കും രൂപം നല്‍കി. 'ജലം പരിസ്ഥിതി സാക്ഷരതാപാഠം-1' എന്നാണ് പാഠാവലിയുടെ പേര്. വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് പാഠാവലി പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, ജലസാക്ഷരതാ ക്യാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'പരിസ്ഥിതി സാക്ഷരത'.

  'ജലം പരിസ്ഥിതി സാക്ഷരതാപാഠം - 1' എന്ന ലഘുപുസ്തകത്തില്‍ മൊത്തം 16 പാഠഭാഗങ്ങളാണുള്ളത്. ജലത്തിന്റെ പ്രാധാന്യം, ജല മലിനീകരണം എങ്ങനെ തടയാം, ജലത്തെ എങ്ങനെ ശാസ്ത്രീയമായ രീതികളില്‍ സംരക്ഷിക്കാം, ജലനിയമങ്ങള്‍ തുടങ്ങിയവയാണ് പാഠാവലി പ്രതിപാദിക്കുന്നത്. ജലസംരക്ഷണം സംബന്ധിച്ച് തന്റേതായ ആശയ രൂപീകരണത്തിനും പഠിതാവിനെ പ്രാപ്തമാക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍. 

പി.എന്‍.എക്‌സ്.2356/18

date