Skip to main content
 ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദിവാസി പുനരധിവാസ മിഷന്‍ ജില്ലാതല സമിതി യോഗം.

അട്ടപ്പാടിയില്‍ 222 ഭൂരഹിതര്‍ക്ക് പട്ടയം നല്‍കും - ജില്ലാ കലക്റ്റര്‍ 

 

    അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികള്‍ക്ക് പട്ടയം നല്‍കുമെന്ന് ജില്ലാ കലക്റ്റര്‍ ഡി.ബാലമുരളി പറഞ്ഞു. ആദിവാസി പുനരധിവാസ മിഷന്‍ ജില്ലാതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂര്‍ വില്ലേജുകളിലായി 169.06 ഏക്കര്‍ ഭൂമിയാണ് പതിച്ചു നല്‍കുക. കൂടുതല്‍ പേര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്റ്റര്‍ നിര്‍ദേശം നല്‍കി. ചിറ്റൂര്‍ താലൂക്കിലെ ഭൂരഹിതരായ 141 ആദിവാസികള്‍ക്ക് മണ്ണാര്‍ക്കാട് - ഒന്ന് വില്ലേജിലെ തത്തേങ്കലത്തുള്ള 145 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. ചിറ്റൂര്‍ വല്ലങ്ങി വില്ലേജിലെ ജലസേചന വകുപ്പിന്‍റെ 32.55 ഏക്കര്‍ ഭൂമി 104 ഭൂരഹിതര്‍ക്ക് 20 ദിവസത്തിനകം നല്‍കാന്‍ ജില്ലാ കലക്റ്റര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. 
    ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയിയുടെ ഡാറ്റ ബാങ്ക് നിര്‍മാണം വേഗത്തിലാക്കും. ഇതിനായി ഭൂമി വില്‍ക്കാന്‍ സമ്മതമറിയിച്ച് ഇതുവരെ 76 വ്യക്തികളുടെ അപേക്ഷകള്‍ ലഭിച്ചു. അട്ടപ്പാടി മുക്കാലി-ചിണ്ടക്കല്‍ റോഡ് നിര്‍മാണം തുടങ്ങി. എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം ചെലവിട്ടാണ് ആദ്യഘട്ടത്തില്‍  0.92 കി.മീ. റോഡ് നിര്‍മിക്കുക. 2.5 കി.മീ നീളമുള്ള റോഡിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി പ്രവര്‍ത്തക സമിതിയുടെ അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ കലക്റ്റര്‍ വനം വകുപ്പിനും പി.ഡബ്ള്‍യു.ഡി.(നിരത്ത്) വിഭാഗത്തിനും നിര്‍ദേശം നല്‍കി.
    ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ്, റവന്യു-വനം-പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date