Skip to main content

ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ ജനപ്രതിനിധികളും കലക്ടറും സന്ദര്‍ശിച്ചു  -അഞ്ച് പുനരധിവാസ ക്യാമ്പുകള്‍

 

ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നുള്ള  കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ച ക്യാമ്പുകളും ജോര്‍ജ് എം  തോമസ് എം.എല്‍.എ, എം. ഐ. ഷാനവാസ് എം.പി, ജില്ലാ കലക്ടര്‍ യു. വി. ജോസ്, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ദുരിതബാധിതര്‍ക്കായി അഞ്ച്  ക്യമ്പുകള്‍ ആരംഭിച്ചു. 1.75 കോടിയുടെ കൃഷി നാശമുണ്ടായി.  
വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്ത് മലവെള്ള പാച്ചിലുണ്ടായത്. തിരുവമ്പാടിയില്‍ മാത്രം 50 ഹെക്ടറിലെ കൃഷി നശിച്ചു. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കൃഷികളാണ് പ്രധാനമായും നശിച്ചത്. പറമ്പുകളില്‍ കൂട്ടിയിട്ട തേങ്ങകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കോടഞ്ചേരിയില്‍ വെണ്ടേക്കും പൊയില്‍ ആദിവാസി കോളനിയിലെ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട് പുനര്‍നിര്‍മ്മിക്കാനും ഇവര്‍ക്ക് ആവശ്യമായ  സഹായങ്ങള്‍ നല്‍കാനും ജില്ലാ പട്ടിക വര്‍ഗ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.     
പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (11 കുടുബം), മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്‌കൂള്‍ (23), കരിമ്പ് പാരിഷ്ഹാള്‍ (5), ചെമ്പുകടവ് ഗവ. യു.പി സ്‌കൂള്‍ (60), നൂറാംതോട് എ.എല്‍.പി. സ്‌കൂള്‍ (20) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. അഞ്ച് ക്യാമ്പുകളിലായി 119 കുടുംബങ്ങളിലെ 474 പേരെയാണ്  മാറ്റിപാര്‍പ്പിച്ചത്. പുല്ലൂരാംപാറയിലെ 17 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പ് അനുവദിക്കുമെന്നും ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ യു. വി ജോസ് പറഞ്ഞു. സര്‍ക്കാര്‍-സര്‍ക്കാറിതര സംവിധാനങ്ങളും നാട്ടുകാരും ജനപ്രതിനിധികളും വളരെ ജാഗ്രതയോടെ ഇടപെട്ടു. വിവിധ വകുപ്പുകളുടെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു. 
തിരുവമ്പാടി പഞ്ചായത്തില്‍  കോടഞ്ചരി-തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടപ്പന്‍ചാല്‍ പാലത്തിന് സമീപം 110 മീറ്റര്‍ റോഡും ആനക്കാംപൊയില്‍-കരിമ്പ് റോഡില്‍ അര കിലോമീറ്റര്‍ റോഡും മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതരോടും ജില്ലാ പഞ്ചായത്തിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി വ്യാഴാഴ്ച വൈകിട്ടോടെ പുന:സ്ഥാപിക്കാനും നാശനഷ്ടങ്ങള്‍ കണക്കാക്കാനും കെ.എസ്.ഇ. ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്റ്റിക് ടാങ്കുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി, ദുരന്ത നിവാരണസേന ഡെപ്യൂട്ടി കലക്ടര്‍ പി. പി കൃഷ്ണന്‍കുട്ടി, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, കോടഞ്ചരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പൊതുമരാമത്ത്, ജലസേചനം, വില്ലേജ്, കൃഷി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. 

date