Skip to main content

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പുതിയ പുനരധിവാസകേന്ദ്രം ആവശ്യം -- സ്‌നേഹിത സംയോജന  യോഗം

 

കൊച്ചി: മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്നവരെ പുനരധിവസിപ്പിക്കാനായി ജില്ലയില്‍ പുതിയ പുനരധിവാസ കേന്ദ്രം ഒരുക്കണമെന്ന് ആവശ്യം. കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കുടുംബശ്രീയുടെ സ്‌നേഹിത സംയോജന യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്  പ്രവര്‍ത്തനങ്ങള്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതോടനുബന്ധിച്ചാണ് ജില്ലയിലെ വിവിധ വകുപ്പ് മേലധികാരികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംയോജന യോഗം സംഘടിപ്പിച്ചത്. 

അതിക്രമത്തിന് വിധേയമാകുന്നതും അതിന് സാധ്യതയുളളതുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക സംരക്ഷണവും നിയമ നിര്‍ദ്ദേശവും കൗണ്‍സലിംഗും, മാനസിക പിന്തുണയും നല്‍കുക, അതിജീവനത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം സ്‌നേഹിതാ അഭയകേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്ഥിരമായോ ഒരാഴ്ചയില്‍ കൂടുതലോ ദിവസം അഭയം തേടുന്നവരെ സന്നദ്ധസംഘടനകളോ സ്ഥാപനങ്ങളോ നടത്തുന്ന അനാഥാലയങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. സ്‌നേഹിതാ അഭയകേന്ദ്രങ്ങളില്‍ വരുന്നവര്‍ക്കായി നിയമസഹായം ഒരുക്കുന്നതിനായി സ്ഥിരമായി ഒരു ലീഗല്‍ അസിസ്റ്റന്റിനെ നിയമിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത കുടുംബശ്രീ അധികൃതരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. 

മനോനില തെറ്റിയവരെ ചികിത്സയ്ക്കുശേഷം പുനരധിവസിപ്പിക്കാന്‍ കേന്ദ്രങ്ങള്‍ കുറവാണ്. ഭിന്നശേഷിയുള്ളവര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും പുനരധിവാസ കേന്ദ്രങ്ങള്‍ ജില്ലയില്‍ കൂടുതലായി കണ്ടെത്തണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.  അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും ചികിത്സയും നല്‍കാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും ഇതിനായുള്ള ഫണ്ട് യഥാസമയം കൈമാറണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടിപി ഗീവര്‍ഗീസ്, അസിസ്റ്റന്‍ കോഡിനേറ്റര്‍ രാജേഷ്, ശിശുക്ഷേമസമിതി അംഗം സിസ്റ്റര്‍ പ്രണീത ഷൈനി, നിര്‍ഭയ ലീഗല്‍ അഡൈ്വസര്‍ ടീന ചെറിയാന്‍, കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് പ്രസിഡണ്ട് ബീന സെബാസ്റ്റ്യന്‍, ഭൂമിക കൗണ്‍സലര്‍ യു പി മുംതസ്, അഡ്വ സന്ധ്യ രാജു, പോലീസ് വനിതാസെല്‍ പ്രതിനിധികള്‍, വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍, കുടുംബശ്രീ, സ്‌നേഹിത പ്രവര്‍ത്തകര്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

date