Skip to main content

ഹരിതം വൈപ്പിന്‍ പദ്ധതിക്ക് തുടക്കം

കൊച്ചി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ഹരിതം വൈപ്പിന്‍ പദ്ധതിക്ക് തുടക്കം. പെട്രോ നൈറ്റ് എല്‍എന്‍ജിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതം വൈപ്പിന്‍ പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മൂന്നുവര്‍ഷംകൊണ്ട് ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.

വൈപ്പിന്‍ പ്രസ്സ് ക്ലബ്, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, തീരദേശ സംരക്ഷണ സമിതി, സ്മൃതി സാംസ്‌കാരിക കേന്ദ്രം, കേരള സാക്ഷരതാ മിഷന്‍, ലൈബ്രറികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

പൊതുസ്ഥലങ്ങള്‍, റോഡ് അരികുകള്‍, കടല്‍പ്പുറം, ആശുപത്രി പരിസരം, സ്‌കൂളുകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്തോടെ വൃക്ഷതൈകള്‍ സംരക്ഷിക്കും. പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മരങ്ങള്‍ മരങ്ങള്‍ കണ്ടെത്താനും നട്ടുപിടിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. മൂന്നു വര്‍ഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകള്‍ അപകടരഹിതമായി നട്ടുപിടിപ്പിക്കാന്‍ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍ ആക്രമണത്തെ തടയുന്നതിനായി  താളിപരുതി,  കാറ്റാടി തുടങ്ങിയ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കും.

സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് നിന്നും പരിസ്ഥിതി ദിനം, വനമഹോത്സവം തുടങ്ങിയ ദിവസങ്ങളില്‍ ലഭിക്കുന്ന വൃക്ഷതൈകള്‍ കൂടാതെ പ്രാദേശികമായി വളര്‍ത്തിയെടുക്കുന്ന തൈകളും ലഭ്യമാക്കും. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെ  വിദ്യാലയങ്ങളിലെ നേച്ചര്‍ ക്ലബുകളുടെ പ്രവര്‍ത്തനത്തിന് ഭാഗമായി ചെലവില്ലാതെ വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കും. പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും നടുന്ന വൃക്ഷ തൈകള്‍ക്ക് ട്രീ ഗാര്‍ഡ് ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കും. ഈ വര്‍ഷം 30000 വൃക്ഷത്തൈകളും വരുംവര്‍ഷങ്ങളില്‍ മുപ്പത്തി അയ്യായിരം വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും.

ഇതോടൊപ്പം പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍ ആയ ബോധവല്‍ക്കരണ ക്ലാസുകള്‍ സെമിനാറുകള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ചിത്ര പ്രദര്‍ശനം ഫോട്ടോപ്രദര്‍ശനം ചിത്രരചന മത്സരം ക്വിസ് മത്സരം ഉപന്യാസ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകളും  രീതികളും വൈപ്പിന്‍ മേഖലയിലെ ജനങ്ങളെ പരിചയപ്പെടുത്തി വൈപ്പിന്‍ ഒരു മാലിന്യമുക്ത മേഖലയായി മാറ്റുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഹരിത വൈപ്പിന്‍ പരിപാടിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടത്തുന്ന എല്‍പി യുപി എച്ച്എസ് എച്ച്എസ്എസ്  സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനം വിലയിരുത്തി സമ്മാനങ്ങള്‍ നല്‍കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഡോ. കെ. കെ. ജോഷി അധ്യക്ഷത വഹിച്ച യോഗത്തില്‍  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ലൂയിസ് സാംസ്‌കാരിക സംഘടന പ്രതിനിധി  ജോര്‍ജ് അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date