Skip to main content

കമ്പനി ആക്ട് അവലോകനം: ശില്‍പശാല 20ന് വ്യവസായമന്ത്രി ഉദ്ഘാടനം ചെയ്യും

    2013ലെ കമ്പനി ആക്ടിന്റെ അവലോകനത്തിനും ഡയറക്ടര്‍മാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവത്കരണത്തിനുമായി 20ന് സംഘടിപ്പിക്കുന്ന ശില്‍പശാല വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണവും, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പ്രത്യേക പ്രഭാഷണവും നടത്തും.
    സ്വാഗതവും വിഷയാവതരണവും റിയാബ് ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. മൂന്നു സെഷനുകളിലായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ശില്‍പശാല നടത്തുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കുന്നതിനാണ് ശില്‍പശാല.
    2013 ലെ കമ്പനി നിയമത്തെക്കുറിച്ചുള്ള വീക്ഷണവും ബോര്‍ഡംഗം എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തങ്ങളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അനൗദേ്യാഗിക ചെയര്‍മാന്‍മാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പി.എന്‍.എക്‌സ്.2446/18

date