Skip to main content

കോഴിക്കോടിനെ ശിശു സൗഹൃദ ജില്ലയാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: കളക്ടര്‍ യു.വി ജോസ്

 

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ബാല നീതി നിയമം നടപ്പാക്കുന്ന വിവിധ ഘടകങ്ങളെ ഒരുമിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ജില്ലാ കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബാല ചൂഷണവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറക്കാനും കോഴിക്കോടിനെ  ശിശു സൗഹൃദ ജില്ലയാക്കി മാറ്റാനും സംഘടനകളും സ്ഥാപനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. 

ഇതര സംസ്ഥാന തൊഴിലാളികളുടേതുള്‍പ്പടെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനാവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. വിജനമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  ലഹരി മരുന്ന് ഉപയോഗിക്കുന്ന  കുട്ടികളെ കണ്ടെത്താനും ഇവര്‍ക്കാവശ്യമായ കൗണ്‍സിലിങ് നല്‍കാനുമുള്ള  നടപടികള്‍ ശക്തമാക്കും. ഇതിനായി ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ബാലവേല, ബാലചൂഷണം, ലഹരി ഉപയോഗം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. 

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ പി.എസ് ഷീജ, ഡിസ്ട്രിക്ട് സബ് ജഡ്ജ് എം.പി ജയരാജ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റെബല്ലോ, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി. മുഹമ്മദലി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date