Skip to main content

വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കും

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു.  എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും ആറ് മാസത്തിനകം ഓഡിറ്റ് നടത്തിക്കാനാണ് ഫയല്‍ ഓഡിറ്റ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.  ഫയല്‍ ഓഡിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10 ന് ഡി.പി.ഐ ഓഫീസ് ആഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.  എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസ് തലങ്ങളില്‍ ആദ്യപാദവര്‍ഷ ഫയല്‍ ഓഡിറ്റ് ജൂലൈ രണ്ട് മുതല്‍ 21 വരെ നടക്കും.  ഇതിനായി വിവിധ തലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിയ ഓഡിറ്റ് ടീമുകളെ നിയോഗിക്കും.  തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.  ആറുമാസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ തലങ്ങളിലെ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വരും.  രണ്ടാംഘട്ട ഫയല്‍ ഓഡിറ്റ്  ഒക്‌ടോബറില്‍ നടക്കും.  വിവിധ മേളകളുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസങ്ങള്‍ അദാലത്തുകള്‍ വഴി പരിഹരിക്കും.  ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണും.  ഇതു സംബന്ധിച്ച് അധ്യാപക സംഘടനാ പ്രതിനിധികളുമായി ഡയറക്ടര്‍ യോഗം നടത്തി.    
പി.എന്‍.എക്‌സ്.2525/18

date