Skip to main content

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊന്നുകല്‍ കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാദേവി നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല അജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി അദ്ധ്യക്ഷ ലീലാ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ബാബു എബ്രഹാം പദ്ധതി വിശദീകരണം നടത്തി. 
21 പ്രവൃത്തി ദിവസങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടേയും വീടുകള്‍ സന്ദര്‍ശിച്ച് വാക്സിനേഷന്‍ ടീമുകള്‍ കന്നുകാലികള്‍, എരുമ, പോത്ത്, പന്നി എന്നിവയ്ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഇതിനായി ജില്ലയില്‍ 110 ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വെറ്റിനറി സര്‍ജന്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡന്‍റ് എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നടത്തുന്നത്. നാല് മാസം മുതല്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. ചനയുള്ളവയേയും, രോഗമുള്ളവയേയും വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയെ പിന്നീട് വാക്സിനേഷന് സജ്ജമാകുന്ന മുറയ്ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള നടപടി എടുക്കും. വനത്തില്‍ മേയാനായി അഴിച്ച് വിടുന്ന മൃഗങ്ങള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകള്‍ നല്‍കും. പഴയ ടാഗുകള്‍ ഉള്ളവയ്ക്ക് ബാധകമല്ല. കൂടാതെ മൃഗസംരക്ഷണവകുപ്പിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആനുകുല്യങ്ങള്‍ക്കും ചികിത്സയ്ക്കുമായുള്ള മൃഗങ്ങളുടെ ജിയോ മാപ്പിംഗും ഇതിനോടൊപ്പം നടത്തുന്നുണ്ട്. ഇതിനായി കര്‍ഷകരുടെ ആധാര്‍ നമ്പര്‍, പൂര്‍ണ വിവരങ്ങള്‍, ഫോണ്‍നമ്പര്‍, മൃഗങ്ങളുടെ വിശദവിവരങ്ങള്‍, മൃഗങ്ങളുടെ ടാഗ് നമ്പര്‍ എന്നിവ ശേഖരിക്കും.പഞ്ചായത്ത് വകുപ്പ്, ക്ഷീരവികസന വകുപ്പ്, വനംവകുപ്പ്, റവന്യൂവകുപ്പ്, ക്ഷീരസംഘങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്ക് കുത്തിവെയ്പ് നല്‍കുന്നത് നിരസിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. 
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജെയിംസ് കെ സാം, ഇലന്തൂര്‍ ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് പാപ്പച്ചന്‍, ചെന്നീര്‍ക്കര വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലൗലി വാലുതറയില്‍, ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുജാ റെജി, ചെന്നീര്‍ക്കര ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാമണി സുധാകരന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അംബികാദേവി, ഐസിഡിപി പ്രൊജക്ട് ഓഫീസര്‍ ഡോ എലിസബേത്ത് ഡാനിയേല്‍, എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ സന്തോഷ്കുമാര്‍, ഡോ ബിഎന്‍ ഷാജി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആലീസ് രവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                            (പിഎന്‍പി 1622/18)
 

date