Skip to main content
കേരളത്തിലെ ആദ്യ വൈദ്യുത ബസിന്റെ എറണാകുളം മേഖലയിലെ ഫ്ളാഗ് ഓഫ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.

കെഎസ്ആര്‍ടിസിയുടെ പ്രശ്ന പരിഹാരത്തിന് കൃത്യമായി ആസൂത്രണം ചെയ്തപദ്ധതികള്‍: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

 

 

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ എറണാകുളം മേഖലയിലെ ഫ്‌ളാഗ് ഓഫ് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമായാണ് വൈദ്യുത ബസ് അവതരിപ്പിക്കുന്നത്. ഇത് ഒരു പരീക്ഷണമാണ്. കെഎസ്ആര്‍ടിസിയിലെ ചെലവു ചുരുക്കാനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വലിയ പഠനങ്ങളും തുടര്‍ശ്രമങ്ങളും നടത്തിവരികയാണ് സര്‍ക്കാര്‍. വൈദ്യുത വാഹനങ്ങളിലേക്ക് ലോകം മുഴുവന്‍ മാറുകയും ഇന്ധന വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശബ്ദവും പുകയുമില്ലാത്ത പരിസ്ഥിതി സൗഹൃദമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് എന്ന ആശയം അവതരിപ്പിക്കുന്നത്. ഇന്ധനവിലയും പരിസ്ഥിതി പ്രശ്നങ്ങളും നേരിടുന്നതിനുള്ള ഉപാധി കൂടിയാണിത്. പരീക്ഷണം വിജയമെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശ്നമാണിതെന്നും എല്ലാവരുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 

 

കെഎസ്ആര്‍ടിസിയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. ഈ രംഗത്ത് പരീക്ഷണങ്ങള്‍ അനിവാര്യമാണ്. ജീവനക്കാരെയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. കൊച്ചി മെട്രോ ലാഭത്തിലാകാനുള്ള സാധ്യതയാണ് കാണുന്നത്. ഫലപ്രദമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ മാറ്റുന്നതിന് വൈദ്യുത ബസ് എന്ന പരീക്ഷണം തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യുത ബസിന്റെ ഫളാഗ് ഓഫ് നിര്‍വഹിച്ച ശേഷം മന്ത്രിയും വിശിഷ്ടാതിഥികളും ഹബ്ബിനുള്ളില്‍ ബസില്‍ യാത്ര ചെയ്തു. 

 

പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന ബസിന് അന്തരീക്ഷ മലിനീകരണം തീരെ കുറവാണ്. 35 സീറ്റാണ് ബസിലുള്ളത്. എസി ലോ ഫ്ളോര്‍ ബസിന്റെ യാത്രനിരക്കാണ് ബസിനുള്ളത്. ആദ്യ ദിവസം വൈറ്റിലയില്‍ നിന്ന് ഫോര്‍ട്ട്കൊച്ചി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തും. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബസ് എത്തും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറില്‍ അകത്തു കയറാവുന്ന രീതിയിലാണ് ക്രമീകരണം. റോഡിലെ കുഴികള്‍ക്കനുസരിച്ച് ബസിന്റെ ഉയരം ക്രമീകരിക്കാവുന്ന സംവിധാനവുമുണ്ട്. പരിസ്ഥിതി സൗഹൃദ ബസുകള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡ് സ്റ്റോണ്‍ എന്ന കമ്പനിയാണ് ബെസ് നിര്‍മ്മിച്ചിരിക്കുന്നത്. ബസിന്റെ ഡ്രൈവറെ കമ്പനി നല്‍കുമ്പോള്‍ കണ്ടക്ടറെ നിയമിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസിയാണ്. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ ദൂരം ബസ് സഞ്ചരിക്കും. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ആകും. ഇതുപയോഗിച്ച് 350 കിലോമീറ്റര്‍ വരെ ബസ് ഓടും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗതയെങ്കിലും ഇത് 80 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റിംഗാണ് ബസിനുള്ളത്. 2.5 കോടി ചെലവു വരുന്ന ബസിന് പ്രവര്‍ത്തന ചെലവ് തീരെ കുറവാണ്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ അഞ്ചു ദിവസത്തെ പരീക്ഷണ ഓട്ടമാണ് വൈദ്യുത ബസ് നടത്തുന്നത്. 

 

കെഎസ്ആര്‍ടിസി എറണാകുളം സോണല്‍ ഓഫീസര്‍ വി.എം. താജുദ്ദീന്‍ സാഹിബ്, സാമൂഹ്യക്ഷേമ ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.ബി. സാബു, കെയുആര്‍ടിസി സ്പെഷ്യല്‍ ഓഫീസര്‍ എം.എസ്. രാജേന്ദ്രന്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date