Skip to main content

നേമം ബ്ലോക്കില്‍ ഹരിത സമൃദ്ധി; ഉല്‍പാദിപ്പിച്ചത് 3,35,000 ഫലവൃക്ഷ തൈകള്‍

 

കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉത്പാദിപ്പിച്ചത് 3,35,250 ഫലവൃക്ഷ തൈകള്‍. ഇവയുടെ ഉത്പാദനത്തിനായി 173 പുതിയ നഴ്‌സറികളാണ് പഞ്ചായത്ത് സ്ഥാപിച്ചത്. 1,38,826 ഫലവൃക്ഷ തൈകള്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകള്‍, അംഗന്‍വാടികള്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി വിതരണം ചെയ്തു.

ശേഷിക്കുന്ന 1,96,426 തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നട്ട് പരിപാലിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. പഞ്ചായത്തിന് കീഴിലെ റോഡുകളുടെ വശങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഭൂമി എന്നിവിടങ്ങളില്‍ മുഴുവന്‍ തൈകളും നട്ട് പരിപാലിക്കുന്നതിനായുള്ള നടപടികള്‍ നടന്നുവരികയാണെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.

3 മുതല്‍ 5 വര്‍ഷം വരെ വൃക്ഷം നട്ട് പരിപാലിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിക്കും. തൊഴിലുറപ്പ് നിയമത്തില്‍ പറയുന്ന വള്‍ണറബിള്‍ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കായിരിക്കും പരിപാലന ചുമതല. ഫലവൃക്ഷങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായവും ഈ തൊഴിലാളിക്ക് തന്നെ ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
(പി.ആര്‍.പി 1710/2018)

date