Skip to main content

പാചകവാതക സിലിണ്ടര്‍ വിതരണം- പരിശോധന ശക്തമാക്കും:  ജില്ലാ കലക്ടര്‍

 

 

കാക്കനാട്:  ഓണക്കാലം അടുക്കുന്നതോടെ പാചകവാതക സിലിണ്ടറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുവാനും ലഭ്യത കുറയുവാനുമുള്ള സാഹചര്യമുള്ളതിനാല്‍ ജൂലൈ പകുതിയോടെ പാചകവാതക വിതരണ ഏജന്‍സികളിലും ബന്ധപ്പെട്ട കടകളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള പരാതികളും സംശയങ്ങളും അഭിപ്രായങ്ങളും ശേഖിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജൂലൈ അവസാനവാരം മുതല്‍ ആഗസ്റ്റ് പകുതിവരെയുള്ള കാലയളവില്‍ ആഴ്ചതോറും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പ്രത്യേക സ്‌ക്വാഡ് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  മുമ്പ് രണ്ടു തവണ സ്‌ക്വാഡ് നടത്തിയ പരിശോധന വിജയം കണ്ടിരുന്നു.

അങ്കണവാടികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുമ്പോള്‍ ബില്ലില്‍ അച്ചടിച്ചിട്ടുള്ള സബ്‌സിഡി തുക ലഭിക്കുന്നില്ല.  തദ്ദേശഭരണ സ്ഥാപനങ്ങള്‍ സബ്‌സ്ഡി കഴിച്ചുള്ള തുകയേ അങ്കണവാടികള്‍ക്ക് നല്‍കുകയുള്ളൂ.  70 മുതല്‍ 100 രൂപ വരെയുള്ള സംഖ്യ അങ്കണവാടി ജീവനക്കാര്‍ വഹിക്കേണ്ടതായി വരുന്നു എന്ന പരാതി യോഗത്തില്‍ ഉയര്‍ന്നു. ബില്ല് ലഭിക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ പേരില്‍ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ മറ്റേതെങ്കിലും കണക്ഷന്‍ ബന്ധപ്പെടുത്തുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്‌നമാണിതെന്ന്  ഗ്യാസ് ഏജന്‍സി പ്രതിനിധി അറിയിച്ചു.  മിക്കവാറും സ്വന്തം വീട്ടിലെ ഗാര്‍ഹിക കണക്ഷനും ഇതേ വ്യക്തിയുടെ പേരിലായിരിക്കും.  അങ്കണവാടിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തിയുടെ പേരില്‍ കണക്ഷന്‍ നല്‍കി ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഗ്യാസ് ഏജന്‍സി പ്രതിനിധി പറഞ്ഞു. അല്ലെങ്കില്‍ ബില്‍ തുക പൂര്‍ണ്ണമായും ബന്ധപ്പെട്ട   തദ്ദേശസ്വയംഭരണ സ്ഥാപനം റീഫണ്ട് ചെയ്യുമെങ്കില്‍ സബ്‌സിഡി ഒഴിവാക്കുകയോ ചെയ്യാം. 

കിടപ്പിലായവരോ കൊച്ചുകുട്ടികളോ വീട്ടിലുള്ള സാഹചര്യത്തില്‍ പ്രധാന റോഡിനു സമീപത്തു വന്ന് ഏറെ നേരം സിലിണ്ടര്‍ വരുന്നത് കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും പരാതിയുയര്‍ന്നു.  ഇരുചക്രവാഹനത്തിന് കടന്നുവരാവുന്ന വഴിയാണെങ്കില്‍ അത്തരത്തില്‍ പരിഹാരം കാണണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.  സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് സംബന്ധിച്ചും അതിനുള്ള ദൂരം സംബന്ധിച്ചും പലരും സംശയമുന്നയിച്ചു.  ഏജന്‍സിയുടെ ഓഫീസ് മുതല്‍ ഗുണഭോക്താവിലേക്കെത്തുന്നതു വരെയുള്ള ദൂരം അഞ്ചു കിലോമീറ്ററില്‍ താഴെയാണെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല.  തുടര്‍ന്നുള്ള ഓരോ അഞ്ചു കിലോമീറ്ററുകള്‍ക്കും നിശ്ചയിച്ച തുകയനുസരിച്ച് അധിക ചാര്‍ജ്ജ് നല്‍കണം.

വിതരണം ചെയ്യുന്ന സിലിണ്ടറുകളില്‍ പലപ്പോഴും വാഷര്‍ ഇല്ലാതിരിക്കുകയോ പഴകിപ്പോവുകയോ ചെയ്ത് ചോര്‍ച്ചയുണ്ടാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപകമായി പരാതിയുയര്‍ന്നു.  ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ ഓയില്‍ കമ്പനികളുടെയും ടോള്‍ഫ്രീ നമ്പറായ 1906ല്‍ അറിയിച്ചാല്‍ ഉടനടി നടപടിയെടുക്കുമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.  പരാതി ലഭിച്ച് രണ്ടു മണിക്കൂറിനകം നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കി.  സിലിണ്ടറിന്റെ തൂക്കം സംബന്ധിച്ചോ സുരക്ഷാ സീലോ വാഷറോ  ഇളകിയിരിക്കുന്നതായോ സംശയം തോന്നിയാല്‍ ഏജന്‍സിയെ അറിയിക്കുന്ന ഉടനെ പരിശോധനയ്ക്ക് ആളെ അയയ്ക്കുമെന്ന് ഏജന്‍സി പ്രതിനിധി അറിയിച്ചു.  ഇത്തരക്കാരിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ടായി.  സംശയം തോന്നുന്ന പക്ഷം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കുന്നതിനു മുമ്പ് ഏജന്‍സിയില്‍ വിളിച്ചറിയിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഉറപ്പു ലഭിച്ചു.  

ആധാര്‍ ലിങ്ക് ചെയ്ത ബാങ്കിന്റെ സേവനം അവസാനിപ്പിച്ച് പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ സബ്‌സിഡി ലഭിക്കുന്നതിനായി, ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ച അതേ നടപടിക്രമങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചു.  

ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.സിറഫുദ്ദീന്‍,   ഓയില്‍ കമ്പനി ഏജന്‍സി പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date