Skip to main content

നിരീക്ഷ പദ്ധതി: കുഞ്ഞുങ്ങളിലെ പോഷണ വൈകല്യം തിരിച്ചറിയാന്‍ അട്ടപ്പാടി മോഡല്‍ സോഫ്റ്റ്‌വെയര്‍ ജില്ലയിലും

 

 

കാക്കനാട്:  കുഞ്ഞുങ്ങളിലെ പോഷണ വൈകല്യം ശാസ്തീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ച് ആവശ്യമായ തുടര്‍നടപടികളെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിരീക്ഷ പദ്ധതി. അട്ടപ്പാടിയില്‍ നടപ്പാക്കിയ മാതൃകയില്‍ സോഫ്റ്റ് വെയര്‍ സൗകര്യം ഒരുക്കി കുട്ടികളിലെ പോഷണ വൈകല്യം തിരിച്ചറിയും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ സംയോജിത ശിശു വികസന ഉദ്യോഗസ്ഥര്‍ അങ്കണവാടി സന്ദര്‍ശനം നടത്തുന്ന അവസരത്തില്‍ കുട്ടികളുടെ വളര്‍ച്ചാ ചാര്‍ട്ട് പരിശോധിക്കുന്നതിനിടെ ജനനസമയത്ത് സ്വാഭാവിക തൂക്കത്തോടെ ജനിച്ച പല കുട്ടികള്‍ക്കും പിന്നീട് ഗുരുതര തൂക്കക്കുറവുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.  സംസ്ഥാനത്ത് ആദ്യമായാണ് കുഞ്ഞുങ്ങളിലെ വളര്‍ച്ചാ നിരീക്ഷണത്തിന് ഒരു ജില്ലാ പഞ്ചായത്ത് ശാസ്ത്രീയ പരിശോധനാ മാര്‍ഗ്ഗങ്ങളും പ്രതിവിധിയും നടപ്പിലാക്കുന്നത്. അട്ടപ്പാടിയില്‍ ജാതക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് കുഞ്ഞുങ്ങളിലെ വളര്‍ച്ചക്കുറവ് സ്ഥിരീകരിക്കുന്നത്.  അതുപ്രകാരം ജില്ലയിലെ 17 ഗ്രാമ പഞ്ചായത്തുകളിലെ തൂക്കക്കുറവുണ്ടെന്നു കാഴ്ചയില്‍ മനസ്സിലാകുന്ന കുട്ടികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ത്തപ്പോള്‍ 20 പേര്‍ക്ക് ഗുരുതര പോഷണവൈകല്യം ബാധിച്ചതായി കണ്ടെത്തി.  കുട്ടിയുടെ ഭാരം, ഉയരം, മുകള്‍ കൈമധ്യത്തിന്റെ ചുറ്റളവ്, പ്രായം തുടങ്ങിയ വിവരങ്ങളാണ് സോഫ്റ്റ് വെയറില്‍ നല്‍കുക.  ഇവ തമ്മിലുള്ള അനുപാതത്തെ ആശ്രയിച്ചാണ് കുട്ടിയുടെ വളര്‍ച്ച വിലയിരുത്തുന്നത്.  പോഷണവൈകല്യം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സയും ചികിത്സാധിഷ്ഠിത ഭക്ഷണക്രമമനുസരിച്ചുള്ള ഭക്ഷണവും നല്‍കുന്നതിന് ഇത്തരത്തിലൊരു ശാസ്ത്രീയ സംവിധാനം കൂടിയേ തീരൂ എന്ന തിരിച്ചറിവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.  അട്ടപ്പാടിയില്‍ സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്തു നല്‍കിയ കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഡ്ഡി ഫൗണ്ടേഷനാണ് ജില്ലയിലും സോഫ്റ്റ് വെയര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  

ജില്ലാ പഞ്ചായത്തിനു കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ  പോഷണ നിലവാരം ഈ ഘടകങ്ങള്‍ അടിസ്ഥാനമാക്കി കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കും.  ഒരേ സമയം ഉയരവും ഭാരവും അളക്കുന്നതിനുള്ള സ്റ്റേഡിയോമീറ്ററുകള്‍, മുകള്‍ കൈമധ്യ ചുറ്റളവ് കണക്കാക്കുന്നതിനുള്ള മൈല്‍ഡ് അപ്പര്‍ ആം സര്‍ക്കംഫറന്‍സ് ടേപ്പുകള്‍ തുടങ്ങിയവ അങ്കണവാടികള്‍ക്ക് നല്‍കും.  അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇവ ഉപയോഗിക്കുന്നതിനു പരിശീലനം നല്‍കും.  

 

കുമാരി ക്ലബ്ബുകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു: കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഓരോ പഞ്ചായത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അംഗസംഖ്യ കൂടുതലുള്ളതുമായ അഞ്ചു വീതം അങ്കണവാടിതല കുമാരി ക്ലബ്ബുകള്‍ക്ക് റഫറന്‍സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.  പൊതുവിജ്ഞാനം, ജീവിതനൈപുണി, ചരിത്രം മുതലായ വിഷയങ്ങളിലുള്ളതാണ് പുസ്തകങ്ങള്‍.  മിനി ലൈബ്രറി സജ്ജമാക്കാവുന്ന വിധത്തില്‍ ഓരോ ക്ലബ്ബുകള്‍ക്കും വ്യത്യസ്ത പുസ്തകങ്ങളാണ് നല്‍കിയിട്ടുള്ളത്.  സ്റ്റേറ്റ് ബുക്ക് മാര്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.

 

 

ക്യാപ്ഷന്‍

കുഞ്ഞുങ്ങളിലെ പോഷണ വൈകല്യം ശാസ്തീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ച് ആവശ്യമായ തുടര്‍നടപടികളെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിരീക്ഷ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ നിന്ന്

date