Skip to main content

രണ്ടു വർഷം  കൊണ്ടു സമഗ്ര പുരോഗതി, നവകേരള സൃഷ്ടിയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് : മുഖ്യമന്ത്രി

 

ന്യൂഡൽഹി : ജനക്ഷേമവും സമാധാനവും മുൻനിർത്തി നടത്തിയ വികസന പദ്ധതികളിലൂടെ കേരളത്തിന്റെ സമസ്ത മേഖലകളിലും പുരോഗതി നേടാൻ രണ്ടു വർഷത്തെ ഭരണത്തിനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിമുക്തവും മതനിരപേക്ഷവുമായ വികസിത കേരളം എന്ന വാഗ്ദാനം നിറവേറ്റി നവകേരളം സൃഷ്ടിക്കാം എന്ന ആത്മവിശ്വാസത്തിൽ സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹി കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കേരളത്തിലുണ്ടാകുന്ന വലിയ നല്ല മാറ്റങ്ങളെക്കുറിച്ചു രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽനിന്ന് അന്വേഷണങ്ങൾ വരുന്നത് വികസന പ്രക്രിയയുടെ വിജയമാണു കാണിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ മികച്ച സ്ഥാനം കേരളത്തിനു ലഭിച്ചു. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരംവിവിധ മേഖലകളിലെ മികവു മുൻനിർത്തി സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് പുരസ്‌കാരം,വയോജന സംരക്ഷണത്തിനു നടപ്പാക്കിയ വയോമിത്രം പരിപാടിക്കു വയോജന ശ്രേഷ്ഠ പുരസ്‌കാരംക്ഷീര വികസന മേഖലയിലെ മികവിനുള്ള ഇന്ത്യാ ടുഡേ പുരസ്‌കാരംജനമൈത്രി പൊലീസിങ്ങിനും സൈബർ കുറ്റാന്വേഷണത്തിലും ലഭിച്ച പുരസ്‌കാരങ്ങൾ തുടങ്ങിയവ ഭരണ മികവിനു ലഭിച്ച നേട്ടങ്ങളിൽ ചിലതാണ്.

 

അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കേരളത്തെ തിരഞ്ഞെടുത്തു. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനമുള്ള സംസ്ഥാനമാണു കേരളം. പട്ടിക ജാതിപട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാപനുപാതികമായതിലും അധികം വിഹിതം നൽകി. വനിതാ ശിശുക്ഷേമത്തിനു പ്രത്യേക വകുപ്പ് ആരംഭിച്ചു. ആരോഗ്യ മേഖലയിൽ സമഗ്ര വികസനം കൊണ്ടുവരാൻ കഴിഞ്ഞു. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. ട്രാൻസ്‌ജെന്ററുകൾക്കായി പ്രത്യേക നയം രൂപീകരിച്ചു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുള്ളിൽനിന്നു ജനക്ഷേമ നയങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന ആഗോളവത്കരണത്തിൽ അധിഷ്ഠിതമായ ഉദാരവത്കരണ - സ്വകാര്യ വത്കരണ നയങ്ങൾ സമൂഹത്തിന് ഉതകുന്നതല്ല. അതുകൊണ്ടുതന്നെ ഒരു ബദൽ നയം രൂപികരിക്കാനാണു കേരളം ശ്രമിക്കുന്നത്. അതിൽ വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. അവ നിലനിർത്തുകയും ദൗർബല്യങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

വ്യവസായംആരോഗ്യംടൂറിസംഐടി തുടങ്ങി വിവിധ മേലകളിൽ നയം രൂപീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. വൈദ്യുതി,പൊതുമരാമത്ത് മേഖലകളിലെ നയങ്ങൾ ഉടൻ പ്രഖ്യാപിക്കും. പരിസ്ഥിതി മേഖലയിൽ ആദ്യമായി ഒരു ധവളപത്രം പ്രസിദ്ധീകരിക്കാനായി. അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും കാലാനുസൃതമായി വികസിച്ചിട്ടില്ല എന്നതാണു വികസനത്തിനു തടസമായി നിൽക്കുന്നത്. ഇതു പരിഹരിക്കുന്നതിനു ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.

 

വിഴിഞ്ഞം തുറമുഖം 2020ൽ പൂർത്തിയാക്കാനാകും. ദേശീയപാതാ വികസനവും തീരദേശ ഹൈവേമലയോര ഹൈവേ എന്നീ പദ്ധതികളും അതിവേഗം നടന്നുവരുന്നു. ഗെയ്‌ലിന്റെ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി സമയബന്ധിതമായി പ്രാവർത്തികമാക്കിക്കഴിഞ്ഞു. തിരുവനന്തപുരം - കാസർകോഡ് അതിവേഗ ട്രെയിൻ പദ്ധതിക്കുള്ള നടപടി സ്വീകരിച്ചുവരുന്നു. റെയിൽവേയുമായി ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. മറ്റു നടപടികൾ ഉടൻ ഉണ്ടാകും. കൂടംകുളത്തുനിന്നു വൈദ്യുതി ലൈൻ എത്തിക്കുന്നതിനുള്ള നിർമാണ നടപടികൾ അതിവേഗം മുന്നോട്ടുപോകുന്നു. ജലഗതാഗത വികസനത്തിനു കേരള വാട്ടർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള പഠനം നടന്നുവരികയാണ്. വ്യവസായ വികസനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

 

പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യ വത്കരിക്കുന്ന നയമാണു രാജ്യത്തു പൊതുവിലുള്ളത്. എന്നാൽ അവയെ സംരക്ഷിക്കുന്ന നയമാണു സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാനായി. അടച്ചുപൂട്ടാൻ തീരുമാനിച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കാസർകോഡ് ബിഎച്ച്ഇഎല്ലിന്റെ കാര്യത്തിലും ഈ നിലപാടാണുള്ളത്. എച്ച്എൻഎൽ സ്വകാര്യവത്കരിക്കരുതെന്നും സംസ്ഥാന സർക്കാറിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്ത് അയച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെയും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ഇതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തി. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ നിയമഭേദഗതി നടത്തി. സ്വകാര്യ മേഖലയിൽ ചില വൻ നിക്ഷേപങ്ങൾ വരുന്നതിനു തയാറായിട്ടുണ്ട്. നോക്കുകൂലിനിർമാണ മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ ട്രേഡ് യൂണിയനുകളുമായി ചർച്ചചെയ്തു പരിഹരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനു ബജറ്റിന്റെ ഭാഗമായി പണം ചെലവഴിക്കാൻ കഴിയുന്നില്ലെന്ന പരിമിതി പരിഹരിക്കാൻ 50000 കോടി രൂപയുടെ കിഫ്ബി ആരംഭിച്ചു. 25000 കോടിയുടെ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ - പശ്ചാത്തല വികസന രംഗത്തും വലിയ പുരോഗതി ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

എല്ലാ വീടുകളിലും ഓഫിസുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കാൻ കേരളത്തിലാകെ ഒപ്ടിക്കൽ ഫൈബർ ശൃംഘല ഒരുങ്ങുകയാണ്. ഇന്റർനെറ്റ് ലഭ്യത അവകാശമായി പ്രഖ്യാപിച്ചു. ടൂറിസം മേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കി. പരമ്പരാഗത മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചതോടെ കൈത്തറികയർകശുവണ്ടി തുടങ്ങിയ രംഗങ്ങളിലെ തൊഴിലാളികൾ ആത്മവിശ്വാസത്തിലാണ്. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സംസ്ഥാനത്ത് 50000-ൽ ഏറെ ഹെക്ടറിൽ അധികമായി നെൽകൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു. പച്ചക്കറിപാൽമുട്ട തുടങ്ങിയവയിലൊക്കെ സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തരിശു ഭൂമി കൃഷിയോഗ്യമാക്കാനും മണ്ണ്ജലം എന്നിവയുടെ സംരക്ഷണത്തിനും നടപടി സ്വീകരിക്കുന്നു. പത്തോളം നദികൾ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. 9200 കിലോമീറ്റർ പുഴകളും തോടും പുനരുജ്ജീവിപ്പിച്ചു. 2792 ഹെക്ടറിൽ പുതുതായി ജലസേചന സൗകര്യം ഏർപ്പെടുത്തി. 86 ലക്ഷം വൃക്ഷത്തൈ നട്ടു. രണ്ടു ലക്ഷം വീടുകളിൽ ഉറവിട മാലിന്യ സംസ്‌കരണത്തിനു നടപടി സ്വീകരിച്ചു. പട്ടണങ്ങളിൽ ഉറവിട മാലിന്യ സംസ്‌കരണത്തിനു പുറമേകേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് ആധുനിക പ്ലാന്റുകൾ സ്ഥാപിച്ചുവരുന്നു. കൃഷിവെള്ളംപ്രകൃതി തുടങ്ങിയവ സംരക്ഷിക്കേണ്ടതാണെന്ന ബോധം ജനങ്ങളിലാകെ ഉണ്ടായിട്ടുണ്ട്. ആർദ്രം പദ്ധതി നടപ്പാക്കിയതുവഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ആശുപത്രികൾ രോഗീ സൗഹൃദമായും മാറി. നിപ്പ പനി ഫലപ്രദമായി പ്രതിരോധിക്കാനായെന്നത് അഭിമാനകരമാണ്.

 

സഹകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരമാണു കേരളം മുന്നോട്ടുവയ്ക്കുന്നത്. പ്രവാസികളുടെ ക്ഷേമം മുൻനിർത്തി ലോക കേരള സഭ ചേർന്നു. പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിച്ചു. ഭവന രഹിതർക്കു വീടു നിർമിക്കുന്ന പദ്ധതിയിൽ അഞ്ചു ലക്ഷം വീടുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രാൻസ്ജന്ററുകൾക്ക് കൊച്ചി മെട്രോയിൽ ജോലിക്കു സംവരണം ഏർപ്പെടുത്തി. പട്ടികജാതി വിഭാഗക്കാർക്കായി 6800 നിർമിച്ചു നൽകി. 19072 വീടുകൾ ഉടൻ പൂർത്തീകരിക്കും. പട്ടിക വർഗക്കാർക്ക് 22451 എണ്ണം പൂർത്തീകരിച്ചു. 2841 കുടുംബങ്ങളുടെ ഒരു ലക്ഷം വരെയുള്ള കടം എഴുതിത്തള്ളി. സ്വന്തം ഭൂമിയെന്ന സ്വപ്‌നം കൊണ്ടുനടന്ന 55296പേർക്ക് പട്ടയം നൽകി. 20000 പേർക്ക് ഉടൻ പട്ടയം നൽകും. അടുത്ത വർഷംതന്നെ എല്ലാവർക്കും പട്ടയം നൽകും.

 

അന്യ സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായാണു കാണുന്നത്. ഇവരുടെ താമസത്തിന് അപ്‌നാ ഘർ പദ്ധതിസൗജന്യ ഇൻഷ്വറൻസ് പദ്ധതിഭാഷ പഠിപ്പിക്കാനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് അനുയാത്ര പദ്ധതി തുടങ്ങി. ദേവസ്വം നിയമനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താൻ തയാറായി. 1100രൂപയായി സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിച്ചു. ആയമാർക്കും നഴ്‌സറി ടീച്ചർമാർക്കും ഹോണറേറിയം വർധിപ്പിച്ചു നൽകി. നഴ്‌സുമാരുടെ മിനിമം ശമ്പളം 20000 രൂപയായി വർധിപ്പിച്ചു. രണ്ടു വർഷത്തിനിടെ ദുരിതാശ്വാസ പദ്ധതികളിൽ 400 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയതമായ ചട്ടക്കൂടുണ്ടാക്കി. ഓഖി ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ സാധാരണ ചട്ടങ്ങൾ മാറ്റിവച്ച് നടപടികൾ സ്വീകരിച്ചു. ഒരു കുടുംബത്തിന് 20 ലക്ഷം രൂപ ലഭിക്കത്തക്ക രീതിയുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്.

 

സൈബർ കുറ്റാന്വേഷണംസ്ത്രീ സുരക്ഷ തുടങ്ങിയവയിൽ വലിയ മികവു നേടാൻ കേരളത്തിനായി. വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ നടപടികൾ തുടങ്ങി. വനിതാ ബെറ്റാലിയൻവനിതാ കമാൻഡോ ടീമുകൾ തുടങ്ങിയവ ആരംഭിച്ചു. ഹൈടെക് കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ കഴിഞ്ഞു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഗുണപരവും കാര്യക്ഷമവുമായ നടപടികൾ ആരംഭിച്ചു. ഇക്കാര്യത്തിലുള്ള പോരായ്മകൾ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ 90 ശതമാനത്തിലേറെ ചെലവഴിച്ചു. സർവകാല റെക്കോഡാണിത്. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിച്ചു. ഭരണയന്ത്രം കാര്യക്ഷമാക്കാൻ നടപടി കൊണ്ടുവന്നു. സ്ഥലംമാറ്റത്തിനു മാനദണ്ഡമേർപ്പെടുത്തി. കെഎഎസ് ഉടൻ പ്രാവർത്തികമാകും. ഇ-ഫയൽ കൊണ്ടുവന്നതോടെ ഫയൽ നീക്കം കാര്യക്ഷമമായി. 70000തസ്തികകളിൽ പിഎസ് സി വഴി നിയമനം നടത്തി. 16000 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനു കമ്മിറ്റിയെ ഏർപ്പെടുത്തിയിട്ടുണ്ട്. 

 

എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയും അതു പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്കു നൽകാൻ കഴിഞ്ഞതു ജനാധിപത്യ സവിധാനത്തിൽ പുതിയ കാൽവയ്പ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാൻ സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. ഒന്നും ശരിയാവില്ലെന്ന ചിന്തയിൽനിന്ന് എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസം ജനങ്ങൾക്കുണ്ടായെന്നും നവകേരളം സൃഷ്ടിക്കുകയെന്ന ആത്മവിശ്വാസത്തോടെ സർക്കാർ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

date