Skip to main content

നിലമ്പൂരില്‍ 4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കു അനുമതിയായി

 

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-19 ലെ രണ്ടാം ഘട്ടത്തില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി ഉത്തരവിറങ്ങി. എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക. മലയോര മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വഴിക്കടവ് പി.എച്ച്.സിയെ ആദ്യഘട്ടത്തില്‍ ഫാമിലി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തിയിരുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നതോടെ പുതിയ തസ്തികള്‍ സൃഷ്ടിച്ച് ആവശ്യത്തിന് മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കും. ഒ.പി. കൂടുതല്‍ രോഗീ സൗഹൃദമാക്കി നവീകരിക്കും, ലാബുകളിലേക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും. കമ്പ്യൂട്ടറൈസ്ഡ് ഒ.പി. രജിസ്‌ട്രേഷന്‍, സ്വകാര്യതയോടുകൂടിയ പരിശോധന സൗകര്യങ്ങള്‍, നഴ്‌സിംഗ്, കൗണ്‍സിലിംഗ്, ആവശ്യമായ ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ക്രമീകരിക്കും. തിരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. മൂന്നു ഡോക്ടര്‍മാര്‍ ഉള്ള സ്ഥലങ്ങളില്‍ വൈകിട്ട് 6 മണി വരെ ഒ.പി. സേവനങ്ങളുണ്ടാവും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യക്തി, വീട്, ഗ്രാമം എിവ ഉള്‍പ്പെടുത്തിയുള്ള വിവര ശേഖരണവും നടന്നു വരുന്നു. ഇതിലൂടെ ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളുടേയും ആരോഗ്യ വിവരങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലൂടെ ശേഖരിക്കുകയും ആരോഗ്യ സൂചികകള്‍ അനുസരിച്ച് അതാത് കുടുംബങ്ങളുടെ സമഗ്ര ആരോഗ്യരേഖ ഡാറ്റാ സെന്ററുകളില്‍ സൂക്ഷിക്കുന്നതുമാണ്. ഏതൊരാളുടേയും രോഗനിര്‍ണ്ണയം കേരളത്തില്‍ എവിടേയും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കുടുംബാരോഗ്യ സര്‍വ്വേയ്ക്കുള്ളത്.

 

date