Skip to main content

ഗണിതം മധുരമാക്കി ആര്യാട്

ആലപ്പുഴ: കണക്കിലെ കുരുക്കഴിക്കാൻ ആര്യാട് ബ്ലോക്ക്. ഇവിടത്തെ കുട്ടികൾക്കിനി കണക്കിനെ പേടിക്കേണ്ട. കണക്ക് പഠിക്കുന്നതോർത്ത്  വിഷമിക്കേണ്ടി വരികയുമില്ല. ബ്ലോക്ക് പ്രദേശത്തെ ഓരോ സ്‌കൂളിലും നാലാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ  ഗണിത ലാബുകൾ ഒരുക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. സാമ്പ്രദായികമായ ഗണിത പഠനത്തിൽ നിന്നും വേറിട്ട് രസകരമായ രീതിയിൽ  വിദ്യാർഥികളെ കണക്ക്  പഠിപ്പിക്കുന്നതാണ് ഗണിതം മധുരം പദ്ധതി. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ യുപി ക്ലാസുകളിൽ എല്ലാ സ്‌കൂളുകളിലും ഗണിത ലാബ് സംവിധാനം ഒരുക്കിയ ആദ്യ ബ്ലോക്കായി ആര്യാട് മാറും.

 

ഇതിന്റെ പ്രാഥമിക പരിശീലന ശില്പശാല കലവൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്നു. വിദഗ്ധരായ ഫാക്കൽറ്റികളും ബ്ലോക്ക് പ്രദേശത്തെ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും പങ്കെടുത്തു.  പരിശീലനത്തിൽ പങ്കെടുത്ത എല്ലാ അധ്യാപകർക്കും പദ്ധതി പ്രകാരമുള്ള പ്രായോഗിക പരിശീലനം നൽകി.    തുടർന്ന് ക്യാമ്പ് അംഗങ്ങൾ പ്രീതികുളങ്ങര എൽ പി സ്‌കൂളിൽ നിലവിൽ പ്രവർത്തിക്കുന്ന ഗണിതലാബ് സന്ദർശിക്കുകയും ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ പി സ്നേഹജൻ അധ്യക്ഷനായ ശില്പശാല ബ്ലോക്ക് പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു. വിലഞ്ചിത ഷാനവാസ്, യു സുരേഷ് കുമാർ, വി വി മോഹൻദാസ്, കെ ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ രജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ ചെയർമാൻ ജയൻ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന തല റിസോഴ്സ് പേഴ്സൺസ് ശ്രീകുമാർ, സജീഷ്, തുളസീദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ടി ശ്രീഹരി നന്ദി പറഞ്ഞു. 

 

(പി.എൻ.എ. 1429/2018)

 

 

//തുടരും//

date