Skip to main content

നിലമ്പൂര്‍ കളത്തിന്‍കടവില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കും -മന്ത്രി മാത്യു ടി തോമസ്

 

നിലമ്പൂര്‍ കളത്തിന്‍കടവില്‍ ചാലിയാര്‍ പുഴയില്‍ കിഫ്ബിയുടെ സഹായത്തോടെ റഗുലേറ്റര്‍ നിര്‍മ്മക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പര്യവേഷണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രൂപകല്‍പ്പനയ്ക്കായി നടപടി സ്വീകരിച്ചു വരികയാണ്. പ്രൊജക്റ്റ് തയ്യാറാക്കി കിഫ്ബിയുടെ അനുമതി ലഭിക്കുന്നതോടെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കളത്തിന്‍കടവില്‍ നിലമ്പൂര്‍, അമരമ്പലം കുടിവെളള പദ്ധതികള്‍ക്കു വേണ്ടി വരള്‍ച്ച സമയത്ത് വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക തടയിണ നിര്‍മ്മിക്കാറുണ്ട്. താല്‍ക്കാലിക തടയിണ നിര്‍മ്മിക്കുന്നടത്താണ് പദ്ധതി നടപ്പാക്കുക. ഇതോടൊപ്പം കിഫ്ബിയുടെ തന്നെ സഹായത്തോടെ എടവണ്ണ പഞ്ചായത്തില്‍ പന്നിപ്പാറ- പള്ളിമുക്കില്‍ ചാലിയാര്‍പുഴയ്ക്കു കുറുകെയും റെഗുലേറ്റര്‍ നിര്‍മ്മിക്കും.
ജലവിഭവ വകുപ്പിനു കീഴില്‍ വാഴക്കാട് പഞ്ചായത്തിലെ ഊര്‍ക്കടവില്‍ കവണക്കല്ല് , മമ്പാട് പഞ്ചായത്തിലെ ഓടായിക്കല്‍, ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണ എന്നിവിടങ്ങളില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവിലുണ്ട്. ചാലിയാര്‍ പുഴ സ്രോതസ്സായുള്ള കുടിവെളള പദ്ധതികള്‍ക്കു മാത്രമായി തടയണകളും റെഗുലേറ്ററുകളും നിലവിലില്ല. ചാലിയാര്‍ പുഴ സ്രോതസ്സായി കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ചീക്കോട്, വാഴക്കാട്, കീഴുപറമ്പ്, കാവനൂര്‍, അരീക്കോട് , മഞ്ചേരി, കോഴിക്കോട് കുടിവെള്ള പദ്ധതികള്‍ക്ക് കവണക്കല്ലിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.  വണ്ടൂര്‍ കുടിവെള്ള പദ്ധതിക്ക് ഓടായിക്കല്‍ റെഗുലേറ്ററും പ്രയോജനപ്പെടുന്നുവെന്നു മന്ത്രി പറഞ്ഞു.

 

date