Skip to main content

മാലിന്യ ശേഖരണത്തിന് സീറോ വേസ്റ്റ് കര്‍മ്മ പദ്ധതിയുമായി പാലാ നഗരസഭ

 

മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പുതിയ കര്‍മ്മ പദ്ധതികളുമായി പാലാ നഗരസഭ. സംസ്ഥാന ശുചിത്വമിഷനും നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതി പ്രകാരമാണ് വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെ വാര്‍ഡുകളില്‍ മാത്രമാണ് ശുചിത്വ മിഷന്‍ നിലവില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 

വലിച്ചെറിയപ്പെടുന്ന അജൈവ മാലിന്യങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയുമുള്‍പ്പെടുത്തിയ ഹരിതകര്‍മ്മ സേന വഴിയാണ് മാലിന്യശേഖരണം നടത്തുന്നത്. ഹരിത സേനാംഗങ്ങള്‍ക്ക് മാലിന്യശേഖരണം, സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ചു നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയായി.പരിശീലന ക്ലാസുകള്‍ക്ക് ജില്ലാ കുടുംബശ്രീ മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കി. ഒരു വാര്‍ഡില്‍ നിന്നും രണ്ട് പേരെയാണ് ഹരിതകര്‍മ്മ സേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ 52 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. 26 വാര്‍ഡുകളാണ് നഗരസഭപരിധിയിലുള്ളത്.പരീക്ഷണാടിസ്ഥാനത്തില്‍ 10 വാര്‍ഡുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും പദ്ധതി നടപ്പാക്കും. 

നഗരസഭാപരിധിയില്‍ ശരാശരി 200 വീടുകളാണ് ഉള്ളത്. വീടുകളില്‍ നിന്നും നിശ്ചിത തുക ഈടാക്കാനാണ് തീരുമാനം. ഹരിത സേനാംഗങ്ങളുടെ വേതന വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സെലിന്‍ റോയ് പറഞ്ഞു. നഗരസഭയില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീന്‍ ഇല്ലാത്തതിനാല്‍ ളാലം ബ്ലോക്കിന്റെയോ സമീപ പഞ്ചായത്തുകളുടെയോ ഷ്രെഡിങ് യൂണിറ്റുകളില്‍ മാലിന്യമെത്തിക്കും. പദ്ധതി പ്രകാരം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തില്‍ രണ്ടുതവണയും ഗ്‌ളാസ്, കുപ്പി തുടങ്ങിയവ മൂന്നുമാസത്തിലൊരിക്കലും ഇലക്‌ട്രോണിക് വേസ്റ്റ് (ഇ-വേസ്റ്റ്) ആറുമാസത്തിലൊരിക്കലും  ശേഖരിക്കും. സീറോ വേസ്റ്റ് പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഡുകളില്‍ തുടക്കമായി. 

 

മാലിന്യപ്രശ്‌നത്തിനു പരിഹാരമായി ഈ മാസം ആദ്യം നഗരസഭയുടെ നേതൃത്വത്തില്‍ സ്വാപ്പ് ഷോപ്പ് ആരംഭിച്ചിരുന്നു. നഗരസഭയുടെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. വീടുകളില്‍ ആവശ്യമില്ലാത്ത പുനരുപയോഗപ്രദമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍,ഫാന്‍സി ആഭരണങ്ങള്‍, വസ്ത്രങ്ങള്‍,ഗ്യാസ് സ്റ്റൗ,മെബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങി ടെലിവിഷന്‍ വരെ സ്വാപ്പ് ഷോപ്പിലെത്തിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പദ്ധതിയാരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. 

(കെ.ഐ.ഒ.പി.ആര്‍-1288/18)

date