Skip to main content

സഹകരണ വകുപ്പ്- ഇ.എം.എസ് ആശുപത്രിയുമായി സഹകരിച്ച്  അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , ഉദ്ഘാടനം ഇന്ന്

 

അട്ടപ്പാടി മേഖലയിലെ പിന്നാക്ക ആദിവാസി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ഇന്ന് (ജൂണ്‍ 26) രാവിലെ 11ന് അഗളി കില ഓഡിറ്റോറിയത്തില്‍ സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 
അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിന് ചെലവ് കുറഞ്ഞ-സൗജന്യ രോഗ ചികിത്സ ഉറപ്പാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ പൈലറ്റ് പദ്ധതിയായിട്ടാണ് സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുള്ളത്. സഹകരണ മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രി. അട്ടപ്പാടി മേഖലയിലെ മുപ്പതിനായിരത്തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 
മെഡിക്കല്‍ കാംപുകള്‍, 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം, ഗര്‍ഭിണികള്‍ക്ക് പോഷാകാഹാരം, പ്രതിരോധ കുത്തിവെയ്പ്പ് കാംപുകള്‍, ലാബ് സൗകര്യം, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങി 12ഇന സേവനങ്ങളാണ് ലഭിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമല്ലാത്ത ചികിത്സ ഇ.എം.എസില്‍ ലഭിക്കും. ഭക്ഷണവും യാത്രാസൗകര്യവും സര്‍ക്കാര്‍ സഹായത്തോടെ അനുവദിക്കും. അഞ്ച് വര്‍ഷത്തേക്കാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയെ സര്‍ക്കാര്‍ ഈ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. സമഗ്ര ആരോഗ്യ പുനരധിവാസം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. 
ആദിവാസികളിലെ ജീവിത ശൈലി രോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും പദ്ധതിയിലൂടെ കിടത്തി ചികിത്സ ഉറപ്പ് വരുത്തും. ഇതിനായി സൗജന്യ കാംപുകളും ക്ലിനിക്കുകളും ആരംഭിക്കും.ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരങ്ങള്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി നഴ്സിങ് പാരാമെഡിക്കല്‍ കോളെജില്‍ പരിശീലനം നല്‍കും. ആദ്യ വര്‍ഷത്തേക്ക് ആവശ്യമായ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതി ജനകീയ പിന്തുണയോടെ വിജയകരമായി നടത്തുന്നതിനാവശ്യമായ വിദഗ്ദ്ധ സമിതികളെയും പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 
പരിപാടിയില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാവും. ആരോഗ്യ കാര്‍ഡ് വിതരണം പി. കെ. ശശി എം.എല്‍.എയും പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയും നിര്‍വഹിക്കും. എം.ബി.രാജേഷ് എം.പി, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, രജിസ്ട്രാര്‍ ഡി. സജിത് ബാബു, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഇ.എം.എസ്. ആശുപത്രി ഡയറക്ടര്‍ പി.പി വാസുദേവന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ സെയ്തലവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി. സജീവ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date