Skip to main content

സമഗ്ര വികസന ലക്ഷ്യവുമായി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്

 

സമഗ്ര വികസനം ലക്ഷ്യമിട്ട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201718) ലഭിച്ച 7.05 കോടിയും ചെലവഴിച്ചു. ബ്ലോക്കിന്‍റെ ചരിത്രത്തിലാദ്യമായാണ് നൂറ് ശതമാനം തുകയും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ബ്ലോക്ക് പരിധിയിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഗുണമേന്മയുള്ള ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക്  നേരിട്ട് എത്തിക്കുന്നതിനായി ഒമ്പത് ലക്ഷം ചെലവഴിച്ച് ജൈവ പച്ചക്കറി സംഭരണ കേന്ദ്രം നിര്‍മിച്ചു. ഇവിടെ പച്ചക്കറികള്‍ കേടാവാതെ സൂക്ഷിക്കാന്‍ ആധുനിക ശീതികരണ സംവിധാനവും അനുബന്ധ സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഹരിത കേരളം മിഷന്‍റെ ഭാഗമായി തേങ്കുറിശ്ശിയില്‍ എം.സി.എഫിന്‍റെ (മെറ്റീരിയല്‍ കളക്ഷന്‍ സെന്‍റര്‍) നിര്‍മാണം പൂര്‍ത്തിയാക്കി. പെരിങ്ങോട്ടുകുറിശ്ശിയില്‍ എം.സി.എഫ് നിര്‍മാണം പുരോഗമിക്കുകയാണ്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ കുളവന്‍മുക്കില്‍ ദേശീയ പാതയോരത്ത് വയോജന പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാനുള്ള  ഇഷ്ടികയും ജനല്‍പാളികളും കട്ടിളയും സൗജന്യമായി നിര്‍മിച്ച് നല്‍കുന്നതിന് 7,50,000 രൂപ ചെലവില്‍ ചിതലി വ്യവസായ പാര്‍ക്കില്‍ ഇഷ്ടിക നിര്‍മാണ യൂനിറ്റ് സ്ഥാപിച്ചു. ലൈഫ് മിഷന്‍റെ ഗുണഭോക്താകളെ സഹായിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കിയത് കുഴല്‍മന്ദം ബ്ലോക്കാണ്.
2016-17 സാമ്പത്തിക വര്‍ഷം 3.51 കോടിയാണ് വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും 13.5 ലക്ഷം ചെലവഴിച്ച് സോളാര്‍ പാനല്‍ സ്ഥാപിച്ചു.  കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓപറേഷന്‍ തിയറ്ററിന്‍റെ ആധുനികവത്ക്കരണത്തിന് അഞ്ചുലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചു. പട്ടികജാതി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുകയും പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിച്ച് നല്‍കുകയും ചെയ്തു.
കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ പൊതു വാതക ശ്മശാനം സ്ഥാപിക്കാന്‍ 47 ലക്ഷവും തേങ്കുറിശ്ശി പഞ്ചായത്തില്‍ വാതക ശ്മശാനം നിര്‍മിക്കാന്‍ 7.5 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് നല്‍കി.
2018-19ല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 100 ശതമാനം ഫണ്ടും വിനിയോഗിക്കാന്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 7.89 കോടിയാണ് ബ്ലോക്ക് ഫണ്ടായി അനുവദിച്ചിട്ടുള്ളത്. ഹരിത കേരളം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കാര്‍ഷിക മേഖലയ്ക്ക് ഒരു കോടി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ പരിരക്ഷയ്ക്കായി സ്ത്രീകള്‍ക്ക് കാന്‍സര്‍ നിര്‍ണയ കാംപ്,  വയോജനങ്ങള്‍ക്ക് കിഡ്നി-കാന്‍സര്‍ നിര്‍ണയ കാംപ് എന്നിവയുടെ നടത്തിപ്പിനായി 9.5 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. ചിതലിയിലെ വ്യവസായ പാര്‍ക്കില്‍ ആധുനിക ഗാര്‍മെന്‍റ് യൂനിറ്റിനായി ആറുലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നു മാറ്റിവെച്ചിട്ടുണ്ട്. 

date