Skip to main content

ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ പുതിയ ഗ്രാമ ന്യായാലയ കെട്ടിടം

 

ശ്രീകൃഷ്ണപുരം ബ്ലോക്കിനോട് ചേര്‍ന്ന് 20 സെന്‍റ് സ്ഥലത്ത് പുതിയ ഗ്രാമ ന്യായാലയ കെട്ടിടം നിര്‍മിക്കും. എം.ബി രാജേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. ബാക്കി തുകയായ 15 ലക്ഷം കണ്ടെത്താന്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളായ കടമ്പഴിപ്പുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുറുശ്ശി, ഗ്രാമ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥലം കൈമാറലുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വികസന വകുപ്പില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ ഗ്രാമ ന്യായാലയ കെട്ടിട നിര്‍മാണം തുടങ്ങുമെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.അരവിന്ദാക്ഷന്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി വീട്ടുപടിക്കല്‍ എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബറിലാണ് ഗ്രാമന്യായലയം ശ്രീകൃഷ്ണപുരത്ത് ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബ്ലോക്കിനോടു ചേര്‍ന്നുള്ള മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ കെട്ടിടം ലഭ്യമായാല്‍ ഈ സാഹചര്യത്തിനു പരിഹാരമാവും. 
രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും 50,000 രൂപ പരിധിയുള്ള സിവില്‍ കേസുകളുമാണ് ഗ്രാമ ന്യായാലയങ്ങളില്‍ പരിഗണിക്കുന്നത്. ഗ്രാമ ന്യായാലയം വഴിയുള്ള കേസുകള്‍ ആറ് മാസത്തിനകം തീര്‍പ്പാക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ്. 2017 ജനുവരി മുതല്‍ 2018 ജൂണ്‍ വരെ 268 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 210 കേസുകള്‍ തീര്‍പ്പാക്കി. ആറ് സിവില്‍ കേസുകളില്‍ മൂന്നെണ്ണം തീര്‍പ്പായി. 30 ഭവനഭേദന കേസുകളില്‍ 15 എണ്ണവും 20 മോഷണ കേസില്‍ 14 എണ്ണത്തിനും ശിക്ഷ നടപ്പാക്കി. ബാക്കി കേസുകളുടെ നടപടികള്‍ പുരോഗമിക്കുകയാണ്.

date