Skip to main content
ജില്ലാ കോടതി കോംപ്ലക്സില്‍ വ്യവഹാരികളായ പൊതുജനങ്ങള്‍ക്ക് നിര്‍മിച്ച ശുചിമുറി ജില്ലാ ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ കോടതി സമുച്ചയത്തില്‍ ശുചിമുറി പ്രവര്‍ത്തനം ആരംഭിച്ചു

 

    ജില്ലാ കോടതി സമുച്ചയത്തില്‍ വ്യവഹാരികളായ പൊതുജനങ്ങള്‍ക്കുളള പൊതു ശുചിമുറി സൗകര്യം ജില്ലാ ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കേരളാ ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്ന് അനുവദിച്ച 6,90,000 രൂപ ഉപയോഗിച്ചാണ് മൂന്നാം നമ്പര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ മുമ്പില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന കംഫര്‍ട് സ്റ്റേഷന്‍ നിര്‍മിച്ചത്. പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന ടോയ്ലെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മൂന്ന് വീതം മുറികളോടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അസുഖബാധിതനായ ഭര്‍ത്താവും വിദ്യാര്‍ഥികളായ മൂന്നു മക്കളുമുള്ള കൊടുന്തിരപ്പുള്ളി സ്വദേശിനിയെയാണ് ശുചിമുറി  നോക്കിനടത്താന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.  കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി  പ്രവര്‍ത്തിക്കുന്ന വിശ്വാസ് (വിക്റ്റിംസ് ഇന്‍ഫര്‍മേഷന്‍, സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്‍ഡ് അസിസ്റ്റന്‍സ് സൊസൈറ്റി)നാണ് ടോയ്ലെറ്റിന്‍റെ പരിപാലനത്തിനും നിയന്ത്രണത്തിനുമുള്ള ചുമതല. 
    കോടതിയിലേക്ക് വരുന്നവര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയ്ക്ക് ഇതോടെ മോചനം ലഭിക്കുമെന്നും പൊതുജനങ്ങള്‍ ശുചിത്വത്തോടുകൂടി ടോയ്ലറ്റ് പരിപാലിക്കണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ ജഡ്ജ് കെ. പി ഇന്ദിര പറഞ്ഞു. അഡീഷനല്‍ ജില്ലാ ജഡ്ജ് (രണ്ട്) ഇ. സി ഹരിദാസന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെന്നത്ത് ജോര്‍ജ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. കെ. സുധീര്‍, അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും വിശ്വാസിന്‍റെ സെക്രട്ടറിയുമായ പി. പ്രേംനാഥ്, വിശ്വാസ് വൈസ് പ്രസിഡന്‍റ് വി. പി. കുര്യാക്കോസ്, ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് എസ്. ശിവനിവാസ് എന്നിവര്‍ സംസാരിച്ചു.
 

date