Skip to main content

വായന വാരാഘോഷത്തിന് പ്രൗഢോജ്വല സമാപനം

 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച വായന വാരാഘോഷത്തിന്റെ ജില്ലാതല സമാപനസമ്മേളനം പാറശ്ശാല ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ഗൗരവമാര്‍ന്ന വായന സ്‌കൂള്‍തലം മുതലേ വളര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  പുതിയ മലയാള പദങ്ങള്‍ സായത്വമാക്കാന്‍ വായന സഹായിക്കും.  ഗോത്രഭാഷയില്‍ നിന്ന് പുതിയ പദങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.  പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ തിരക്കഥാകൃത്തും ഐ.ആന്‍ഡ് പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറുമായ സലിന്‍ മാങ്കുഴി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ അധ്യാപകനും അഞ്ചു പതിറ്റാണ്ടായി ഗ്രന്ഥശാല പ്രവര്‍ത്തകനുമായ കെ. ബാലകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

വൊക്കേഷണല്‍, ഹയര്‍സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളില്‍ നൂറുശതമാനം വിജയം കൈവരിച്ച പാറശാല ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് സ്‌കൂളിനെ സി.കെ. ഹരിന്ദ്രന്‍ എം.എല്‍.എ ആദരിച്ചു.    

 പാറശാല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുസ്മിത, പാറശാല ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. സെയ്‌ലി,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ആര്‍. ജയശ്രീ, എല്‍. രാജദാസ്, ഹെഡ്മിസ്ട്രസ് ചന്ദ്രിക, പി.റ്റി.എ. പ്രസിഡന്റ് വി. അരുണ്‍, ഐ. പി.ആര്‍.ഡി അസി. എഡിറ്റര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി 1718/2018)

 

date