Skip to main content

എലിപ്പനി: ജാഗ്രതപാലിക്കണം

 

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമായേക്കാവുന്ന രോഗമാണ് എലിപ്പനി. ഓട വൃത്തിയാക്കല്‍, കൃഷിപ്പണി, കുളം വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരില്‍ ആണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ ആഴ്ചയില്‍ ഒരുദിവസം 2 ഗുളികകള്‍ എന്ന ക്രമത്തില്‍ 6 മുതല്‍ 8 ആഴ്ച വരെ കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗുളികകള്‍ കഴിക്കാവൂ. ഗുളികകള്‍  എല്ലാ  സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്കിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഴിവാക്കാന്‍ ആവാത്ത സാഹചര്യങ്ങളില്‍ ആന്റിസെപ്റ്റിക് ക്രീമുകള്‍ പുരട്ടി മുറിവ് കെട്ടി വക്കുകയും കയ്യുറ കാലുറ എന്നിവ ധരിക്കുകയും ചെയ്യേണ്ടതാണ്.
പനി, പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്യും. ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും ചുമയും, കരളിനെ ബാധിച്ചാല്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം.  ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് എലിപ്പനി. പരിസര ശുചിത്വം പാലിക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ എലിയെ ആകര്‍ഷിക്കും വിധം വലിച്ചെറിയാതിരിക്കുക, ഭക്ഷണം നല്ലവണ്ണം മൂടിവച്ചും ചൂടോടെയും കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക, ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികില്‍സ തേടുക എന്നിവ ശ്രദ്ധിക്കണം.
(പി.ആര്‍.പി 1724/2018)

 

date