Skip to main content
ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി അവലോകന യോഗത്തില്‍ ഡോ. വി.പി ജോയ് സംസാരിക്കുന്നു

ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി വയനാടിനെ ഇന്ത്യയിലെ മികച്ച ജില്ലയാക്കും                                                   ഡോ.വി.പി.ജോയ് ·    ഒഴിവാക്കിയെന്ന പ്രചരണം തെറ്റ്

 

  ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ മാനവ വികസന സൂചികയില്‍ വയനാട് ജില്ലയെ രാജ്യത്ത് ഒന്നാമതെത്തിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ കേന്ദ്ര പ്രഭാരി ഓഫീസറും വയനാട് ജില്ലയുടെ ചുമതലക്കാരനുമായ ഡോ. വി.പി ജോയ് പറഞ്ഞു. പദ്ധതി നടത്തിപ്പിന് മാര്‍ഗ നിര്‍ദേശം നല്‍കാനായി എ.പി.ജെ ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പദ്ധതിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.  നീതി ആയോഗിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട സൈറ്റില്‍ റാങ്കിംഗ് ഡാറ്റ അപ് ലോഡ് ചെയ്യാത്തതു കൊണ്ടാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. അപ് ലോഡിംഗ് സംബന്ധിച്ച സാങ്കേതിക നിര്‍ദ്ദേശം നല്‍കനായി നീതി ആയോഗിന്റെ വിദഗ്ധര്‍ അടുത്ത ബുധനാഴ്ച്ച വയനാട്ടിലെത്തും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ 115 ജില്ലകളുടെ മാനവിക വികസന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് ജില്ല ഇപ്പോള്‍ തന്നെ മുന്നിലാണ്. ജില്ല പിന്നാക്കമായി നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ രാജ്യത്തെ മറ്റു ജില്ലകളെക്കാള്‍ മുകളിലെത്താന്‍ വയനാടിനു സാധിക്കും. 2022 - ഓടെ രാജ്യത്തെ പിന്നോക്ക ജില്ലകളെല്ലാം മുന്നിലെത്തുന്നതോടെ ഇന്ത്യയുടെ മാനവിക വികസന സൂചിക വികസിത രാജ്യങ്ങളൊടൊപ്പമെത്തിക്കാനാവുമെന്നും ഡോ. വി.പി ജോയ് പറഞ്ഞു. 
വയനാട് ജില്ലയില്‍ 60 ശതമാനത്തില്‍ താഴെ മാനവിക വികസന സൂചികയുള്ള മേഖലകള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക. തൊഴില്‍ വൈദഗ്ധ്യം, പോഷകഹാര കുറവ്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിനുശേഷം മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.
 
വിവിധ വകുപ്പുകള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ട മേഖലകള്‍ കണ്ടെത്തണമെന്ന് ഡോ. ജോയ് നിര്‍ദ്ദേശിച്ചു. വകുപ്പ് തലത്തല്‍ പരിഹരിക്കാനാത്ത പ്രശ്‌നങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്തും അല്ലാത്തവ സംസ്ഥാന തലത്തിലും പരിഹാരം കാണണം. ഓരോ തവണയും നീതി ആയോഗ് നിയോഗിക്കുന്ന വിദഗ്ധ സമിതി പ്രവര്‍ത്ത പുരോഗതി വിലയിരുത്തും. എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനീംഗ് ഓഫീസറാണ് ജില്ലയിലെ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം എ.എം. രാജു, ജെ.ഡി.സി പി.ജി വിജയകുമാര്‍, പ്ലാനിങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date