Skip to main content

പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ ഇന്നലെ 17 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 12 സംശയാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേലാറ്റൂരില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അലക്ഷ്യമായി ഇട്ടിരിക്കുന്ന പാത്രങ്ങളിലും, പാളകള്‍, ചിരട്ടകള്‍, വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍, അലങ്കാര ചെടികളുടെ ട്രേ, ഫ്രഡ്ജ് തുടങ്ങിയവയിലെ വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരും. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കണം. കൂടാതെ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ കൊതുകു വലയോ മറ്റു വ്യക്തിഗത മാര്‍ഗ്ഗമോ സ്വീകരിക്കണം.
ഇതിനിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മക്കരപറമ്പ്, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, കുറുമ്പലങ്ങോട്, ചുങ്കത്തറ, കരുളായി, കരുവാരക്കുണ്ട്, കീഴുപറമ്പ് എന്നിവിടങ്ങളില്‍  ഇന്ന് ഉറവിട നശീകരണവും ഫോഗിംഗും വീടിനകത്ത് സ്‌പ്രേയിംഗും നടത്തും. ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടരും. കൊതുക് വളരാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാര്‍ ജില്ലാ കലക്ടര്‍ അമിത് മീണ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ജൂണ്‍ മുതല്‍ ഇതുവരെ 450000 രൂപ ഈ ഇനത്തില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പിഴ ഈടാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് ഡോ.കെ.സുകുമാരന്‍ ജില്ലയിലെത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മലേറിയ ഓഫീസറെയും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെയും ചുമതലപ്പെടുത്തി. ഇന്നലെ മുതല്‍ ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ തുടങ്ങി. ഇന്നും തുടരും. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും പ്രത്യേക യോഗം അഞ്ചിന് നടക്കും. ബ്ലോക്ക്, പി.എച്ച്.സി തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരേയും ചുമലപ്പെടുത്തിയതായി ഡി.എം.ഒ അറിയിച്ചു.

 

date