Skip to main content

ബാങ്കുകള്‍ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കണം : ഡോ.പി.കെ. ബിജു എംപി

ബാങ്കുകള്‍ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കണം : ഡോ.പി.കെ. ബിജു എംപി
    ബാങ്കുകള്‍ കാര്‍ഷികമേഖലയക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഡോ: പി.കെ. ബിജു എം.പി. തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന  ജില്ലാതല ബാങ്ക് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാന്‍ ബാങ്കുകള്‍ക്കാവണം. ചെറുകിട ജലസേചന പദ്ധതികള്‍, കന്നുകാലി വളര്‍ത്തല്‍, പാലുല്‍പ്പാദനം, മത്സ്യകൃഷി എന്നീ മേഖലകള്‍ക്ക് ആവശ്യമായ വായ്പ ല്യമാക്കുന്നതിന് പ്രതേൃക ശ്രദ്ധ നല്‍കണം. കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് ഇടപെടണമെന്നും സ്വര്‍ണപണയത്തില്‍ കാര്‍ഷിക വായ്പ നല്‍കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും പി.കെ.ബിജു എം.പി. പറഞ്ഞു. 
    ജില്ലയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വായ്പാവിഹിതം കുറഞ്ഞത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മുദ്രാപദ്ധതി വഴി കൂടുതല്‍ വായ്പകള്‍ നവസംരംഭകര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടത് ബാങ്കുകളുടെ പ്രധാനപ്പെട്ട  ഉത്തരവാദിത്വമാണ്. സാധാരണക്കാരിലേക്ക് ബാങ്കിംഗ് പ്രവര്‍ത്തനം മികച്ച രീതിയില്‍ എത്തുന്നതിന് ഗ്രാമീണതല അവലോകന യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചേരണം. വായ്പകള്‍ നല്‍കലാണ് ബാങ്കുകളുടെ പ്രധാന ചുമതല. വായ്പ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. പി.കെ. ബിജു എംപി വ്യക്തമാക്കി. ജില്ലയിലെ ബാങ്കുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നിക്ഷേപ വര്‍ദ്ധനവ് സാധ്യമായി എന്നത് നേട്ടമാണ്. 5212 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടം തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. രാജന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. എ.ജി.എം. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എ.ജി.എം. ദീപ എസ്. പിള്ള,  ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ആര്‍.ആര്‍. കനകാംബരന്‍, നബാര്‍ഡ് പ്രതിനിധി ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date