Skip to main content

ചെങ്ങന്നൂർ മാലിന്യ മുക്തമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുന്നു

ആലപ്പുഴ :   ചെങ്ങന്നൂർ   മാലിന്യ മുക്തമാക്കുവാൻ പദ്ധതി തയ്യാറാകുന്നു. മാലിന്യ സംസ്‌ക്കരണത്തിനായി  നവീന ശാസ്ത്രീയ മാർഗമാണ്  അവതരിപ്പിക്കുക. ഇതിനായി  ഹരിതകേരളം, ശുചിത്വ മിഷൻ എന്നിവയുടെ ഉദ്യോഗസ്ഥരും കിലയുടെ ജീവനക്കാരും തിരുവനന്തപുരം കോർപ്പേറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെങ്ങന്നൂർ പെരുങ്കുളം പാടം, നഗരസഭാ കാര്യാലയപരിസരം , ശാസ്താംപുറം മാർക്കറ്റ്  എന്നിവടങ്ങളിൽ സന്ദർശനം നടത്തി. ഇതു കൂടാതെ നഗരത്തിൽ മാലിന്യങ്ങൾ  തള്ളുന്ന ഇടങ്ങളുടെ കണക്കെടുത്തു. ചെങ്ങന്നൂർ നഗരത്തിൽ മാത്രം  പ്രതിദിനം ഏകദേശം എട്ട് ടൺ മാലിന്യവും, താലൂക്കിലാകമാനം 22 ടൺ മാലിന്യവും ഉണ്ടാകുന്നുവെന്നാണ്  പ്രാഥമിക കണക്ക്. ഉറവിടങ്ങളിൽ തന്നെ പരമാവധി മാലിന്യങ്ങൾ സംസ്‌ക്കരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനുള്ള പദ്ധതികൾ തയ്യാറാക്കും. ജൂലായ് 30ന് ചെങ്ങന്നൂർ മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , വിവിധ സംഘടനകൾ  എന്നിവരുടെ യോഗം ചേരും . യോഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കും പങ്കെടുക്കും. സന്ദർശനസംഘത്തിൽ സജിചെറിയാൻ എംഎൽഎ, ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ ജോൺ മുളങ്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്,  ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ എസ് രാജേഷ്, പ്രോഗ്രാം ഓഫീസർ പി. അഖിൽ  തിരുവന്തപുരം കോർപ്പറേഷൻ  ഹെൽത്ത് ഇൻസ്‌പെക്ടർ അനുപ് റോയി , കില ജില്ലാ കോർഡിനേറ്റർ ജയരാജ് , വിവിധ  ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

                                               (പി.എൻ.എ. 1567/2018)

 

 

date