Skip to main content

പകര്‍ച്ചവ്യാധികള്‍ പെരുകുന്നു : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി ജില്ലാ ഭരണകൂടം

കാലവര്‍ഷം കനക്കുന്നതും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും കണക്കിലെടുത്ത്  ഇതര സംസ്ഥാനതൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം പരിശോധന കര്‍ശനമാക്കി. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗരിമ പദ്ധതിയിലൂടെയാണ് ഇതര സംസ്ഥാനതൊളിലാളികളുടെ ആരോഗ്യ-ശുചിത്വ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. ഗരിമ പദ്ധതിയിലൂടെ ആരോഗ്യ സ്‌ക്രീനിങ്ങ് ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും വാക്‌സിനേഷന്‍, മരുന്ന് വിതരണം, ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയവയുമാണ് നടത്തുന്നത്. ആരോഗ്യവകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പ് - പോലീസ് എക്‌സൈസ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ഗരിമ പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയശേഷം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്‍കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുളള അംഗീകൃത കെട്ടിട നമ്പര്‍, കിടപ്പുമുറികള്‍, 10 പേര്‍ക്ക് 1 എന്ന നിലയില്‍ കക്കൂസ് സംവിധാനം, മറയോടുകൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖരമാലിന്യ സംസ്‌കരണം, കുടിവെളള സംവിധാനം, പൊതു ശുചിത്വം തുടങ്ങിയ എട്ട് മാനദണ്ഡങ്ങളാണ് ഗ്രേഡിംഗിനായി പരിഗണിക്കുന്നത്. ഇതില്‍ 10 ല്‍ താഴെ ഗ്രേഡ് ലഭിക്കുന്ന താമസസ്ഥലങ്ങളില്‍ നോട്ടീസ് നല്‍കിയശേഷം 30 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. അപ്പോഴും 10 ല്‍ താഴെ ഗ്രേഡിംഗ് ലഭിക്കുന്നവയെ നടപടികള്‍ക്ക് വിധേയമാക്കും. ഏപ്രില്‍ മാസത്തിലാണ് ജില്ലയില്‍ ഗരിമ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 63% ഇതരസംസ്ഥാനതൊഴിലാളി താമസസ്ഥലങ്ങളും മോശാവസ്ഥയിലാണുളളത്. ഇതില്‍ 19 ശതമാനം കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കേണ്ടവയുമാണ്. കാലവര്‍ഷം ശക്തമാകുന്നതും കോളറ, മന്ത്, മലമ്പനി, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ ജില്ലയിലുടനീളം ഇതരസംസ്ഥാനതൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി മോശാവസ്ഥയിലുളളവയ്‌ക്കെതിരെയും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയ്‌ക്കെതിരെയും കര്‍ശന നടപടികള്‍ എടുക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം താമസയിടങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, ആയതു തദ്ദേശസ്ഥാപനങ്ങളേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അഭ്യര്‍ത്ഥിച്ചു.

date