Skip to main content

എറണാകുളം അറിയിപ്പുകള്‍1

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ  (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കട്ടപ്പന (04868-250160),  മല്ലപ്പളളി (0469-2681426), പീരുമേട് (04869-232373), പുതുപ്പളളി (0481-2351631), തൊടുപുഴ (04862-228447) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭ്യമാണ്.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്പന ഉദ്ഘാടനം ഇന്ന്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി 2018 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി (ബി.ആര്‍-63) യുടെ ജില്ലാതല പ്രകാശനവും വില്പന ഉദ്ഘാടനവും ജൂലൈ 18 ന്  രാവിലെ 11.30 ന് എറണാകുളം റവന്യൂ ടവറില്‍ ഏഴാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹൈബി ഈഡന്‍ എം.എല്‍.എ  നിര്‍വഹിക്കും. കൊച്ചി കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി  േചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍  നേതാക്കള്‍, ഭാഗ്യക്കുറി ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.

 

ഓണാഘോഷ പരിപാടികള്‍ക്കായി  അപേക്ഷകള്‍ ക്ഷണിച്ചു

 കൊച്ചി: 2018 ലെ  ജില്ലാ തല ഓണാഘോഷ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട്   കേരളീയ കലാരൂപങ്ങളും , പാരമ്പര്യ  നാടോടി പൈതൃക കലാ പരിപാടികളും അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള കലാകാരന്‍മാരില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍  സെക്രട്ടറി ഡിറ്റിപിസി, രാജേന്ദ്രമൈതാനത്തിനെതിര്‍ വശം, എറണാകുളം - 11 എന്ന വിലാസത്തില്‍ ജൂലൈ 27 നു മുമ്പ് ലഭിക്കണം. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ മൂന്നു പ്രാവശ്യം  പരിപാടി അവതരിപ്പിച്ചിട്ടുള്ള  കലാകാരന്‍മാര്‍  അപേക്ഷിക്കേണ്ടതില്ല. കലാരൂപത്തിന്റെ പേര്, കലാകാരന്‍മാരുടെ എണ്ണം, പരിപാടിയുടെ സംക്ഷിപ്ത വിവരണം, പ്രതിഫല തുക, ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍/സാക്ഷ്യപത്രം എന്നിവയുള്‍പ്പെടെയാകണം  അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

 

ഞാറ്റുവേല ചന്ത; ബ്ലോക്ക്തല ഏകോപന യോഗം 21-ന്

  കൊച്ചി: കളമശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ വരുന്ന ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, കടമക്കുടി, കളമശേരി, മുളവുകാട്, തൃക്കാക്കര എന്നീ കൃഷി ഭവനുകളില്‍ സംഘടിപ്പിച്ച വാര്‍ഡ്തല കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തകളുടെയും ബ്ലോക്ക്തല ഏകോപന യോഗം ജൂലൈ 21-ന് രാവിലെ 11-ന് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ട്രെയിനിംഗ് ഹാളില്‍ നടത്തും.

date