Skip to main content

കാലവര്‍ഷക്കെടുതി: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം ക്വാറികളുടെ പ്രവര്‍ത്തനം ഒരാഴ്ച നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

 

കാക്കനാട്:  ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം.  മഴക്കെടുതികളെ ഫലപ്രദമായി നേരിടുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍  ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആഗസ്റ്റ് പകുതിവരെ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പ് മഴക്കാലരോഗങ്ങള്‍ ചെറുക്കുന്നതിന് മുന്‍കരുതലുകളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ പതിയണം.  അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം.  തൊഴിലാളി ക്യാമ്പുകളിലേതടക്കം എല്ലാ പ്രദേശങ്ങളിലെയും ശുചിത്വം വിലയിരുത്തുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.   ദുരിതാശ്വാസ  ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ.  വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞുമനസ്സിലാക്കണം.  

പതിവായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനുള്ള കാര്യം ആലോചനയിലാണെന്ന് കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ 51 ദുരിതാശ്വാസ ക്യാമ്പുകളില്‍ 15 എണ്ണം ഇത്തരത്തില്‍ ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം അറിയിച്ചു.  ഈ സ്ഥലങ്ങളില്‍ ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.  വണ്ടാനം പ്രദേശത്തെ മണല്‍ കൊണ്ടുള്ള ചെറുബണ്ട് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മഴയുടെ ആഘാതം കൂടുതലായതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.  നാശനഷ്ടങ്ങള്‍ കുറഞ്ഞ താലൂക്കുകളിലെ ഉദ്യോഗസ്ഥരെക്കൂടി  ഉള്‍പ്പെടുത്തിയാണ്  സ്‌ക്വാഡ് രൂപീകരിക്കുക.  

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.  ക്വാറിയില്‍നിന്നുള്ള മണല്‍വാരലും കല്‍പ്പൊടിയെടുക്കലുമടക്കമാണിത്.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എ.ഡി.എം. എം.കെ. കബീര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, അഡീ. ഡി.എം.ഒ. ഡോ. എസ്.ശ്രീദേവി  തുടങ്ങിയവര്‍ പങ്കെടുത്തു.

date