Skip to main content

മലയാളം ലോകസാഹിത്യത്തോളം വളര്‍ന്ന ഭാഷ-മന്ത്രി എ.കെ.ബാലന്‍

    മലയാളം ലോകസാഹിത്യത്തില്‍തന്നെ അറിയപ്പെടുന്ന ഭാഷയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിയമ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ വര്‍ഷാചരണത്തിന്റെ വകുപ്പുതല ഉദ്ഘാടനവും സമ്മാനദാനവും ഡിസ്‌പ്ലേ ബോര്‍ഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലയാളത്തില്‍നിന്ന് നിരവധി കൃതികളാണ് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഷേക്‌സ്പിയറുടെ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്ലാസിക്കുകള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതെല്ലാം മലയാള ഭാഷയുടെ മഹത്വത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. മലയാളത്തിന് ഊര്‍ജം ലഭിച്ചത് ചെന്തമിഴില്‍നിന്നാണ്. അധികാരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നതുകൊണ്ടാണ് ഇംഗ്ലീഷിന് ഇത്രയധികം പ്രാധാന്യം കിട്ടയത്. ശ്രേഷ്ഠഭാഷാ പദവി പൂര്‍ണമാകണമെങ്കില്‍ എല്ലാ രംഗങ്ങളിലും ഭരണഭാഷ മലയാളത്തിലാകണം. ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ച നാള്‍ മുതല്‍ ഭരണഭാഷ മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2015ലാണ് മലയാളം ഔദ്യോഗിക ഭാഷയാക്കുന്ന നിയമം കൊണ്ടുവന്നത്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
    നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  നിയമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി. വിജയകുമാര്‍ സ്വാഗതവും നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എല്‍. ശോഭാനായര്‍ നന്ദിയും പറഞ്ഞു. 
                                           പി.എന്‍.എക്‌സ്.3016/18
 

date